

പ്രിയപ്പെട്ട അച്ചായന്,
അച്ചായാ, ഇവിടെ പെറ്റുകിടപ്പ് പെണ്ണുങ്ങളും,കുട്ടികളും ഞാനും, പുരുഷനും,അപ്പച്ചനും,മറിയാമ്മച്ചിയും, അമ്മച്ചിയമ്മയും, സ്റ്റീഫനും, ജോൺസണും സുഖമായി ജീവിച്ചുപോകുന്നു. അപ്പച്ചനും കൊച്ചുപെണ്ണുംകറുമ്പിയും നാണുവും ഒത്തൊരുമയോടെ പാടത്ത് പണിയിലാണ്. പുരുഷൻ രണ്ടുദിവസമായി ബാലവാടിയിൽപോകുന്നില്ല. പാടത്ത് ഭക്ഷണംകൊണ്ടുപോകാനും വരാനും മറിയാമ്മച്ചിയെ കൊണ്ട് മാത്രം പറ്റില്ല. മറിയാമ്മച്ചി ഒരുപ്രാവശ്യംപോയിവരുന്നസമയം മതി പുരുഷൻ നാലുപ്രാവശ്യം പോയിവരും. അതുകൊണ്ട് ചെക്കനാണ് ഭക്ഷണംകൊണ്ടുപോകുന്നത്. മീൻ പൊരിച്ചതുമാത്രം ചെക്കന്റെ കൈയ്യിൽകൊടുത്തുവിടില്ല. പകുതിവഴിയിൽ വെച്ച് തിന്നിട്ട് പാത്രം മാത്രം കൊണ്ടുകൊടുക്കും. ചെക്കന് മീനിൽ ആരോ കൂടോത്രംചെയ്ത് കൊടുത്തുകാണും. രാധാമണിയുടെ കല്യാണത്തിന് സദ്യയ്ക്ക് മീനില്ലെന്നുംപറഞ്ഞ് ചെക്കൻബഹളംവെച്ചു. അമ്മച്ചിയമ്മ പപ്പടം പൊട്ടിച്ച് വായിൽവെച്ച്എങ്ങനെയെങ്കിലും വായടപ്പിച്ചു.ആ ദേഷ്യത്തിന് ചെക്കൻ അമ്മച്ചിയമ്മയുടെ കൈയ്യിൽ കടിച്ചുകൊടുത്തു.
രാധാമണിയുടെ കല്യാണചെറുക്കൻ കാണാൻ സുന്ദരൻ… സ്റ്റീഫന് പയ്യനെ കണ്ട് അസൂയ തോന്നിക്കാണും.എന്റെ അച്ചായാ “നല്ല മീശ,ഇടത്തരം നിറം,നീളവും വണ്ണവും ആവശ്യത്തിന്. ചിരിച്ചാൽ എന്ത് ഭംഗിയാ.പക്ഷെ ചെറിയമുടന്തുണ്ട്. “എന്നാലുംസർക്കാർജോലിയുണ്ട്.കല്യാണംകഴിഞ്ഞുവീട്ടിലെത്തിതും പുരുഷൻ കരച്ചിൽ തുടങ്ങി. ചെക്കനും കല്യാണംകഴിക്കണമെന്ന്. അതും മോളിക്കുട്ടിയുടെ മോളെ. “ഒരാഴ്ചതികയാത്ത കൊച്ചിനെ സാരി ഉടുപ്പിച്ച് തലയിൽ പൂവും,നെറ്റിചുട്ടിയും വെയ്ക്കണമത്രേ. “വേറെ പെണ്ണിനെ പോരെ? “എന്ന് ജോൺസൺ ചോദിച്ചപ്പോൾ ചെക്കൻചോദിക്കുന്നു “രാധാമണിയെ കിട്ടോന്ന്. “രാധാമണി കൈവിട്ടുപോയവിഷമത്തിലിരിക്കുന്ന സ്റ്റീഫൻ ഇതുകേട്ടതും അകത്തേയ്ക്ക്
വലിഞ്ഞു.”രാധാമണി കെട്ടിപ്പോയില്ലേ ഭവാനിയുടെ മോള് സുമംഗലയെ വലുതാകുമ്പോൾ കെട്ടിച്ചുതരാം” എന്ന്പറഞ്ഞുമറിയാമ്മച്ചി ചെക്കനെ ആശ്വസിപ്പിക്കാൻ നോക്കി.ചെക്കൻ കരച്ചിൽ നിർത്തിയില്ലെന്ന് മാത്രമല്ല, ചെക്കന്റെ കല്യാണക്കരച്ചിൽ കേട്ട് ചിരിച്ച അപ്പച്ചന്റെ മൊട്ടത്തലയിൽ ഒരിടിയുംകൊടുത്തുചെക്കൻ.കളികാര്യമാവുമെന്നുകണ്ട അപ്പച്ചൻ പറഞ്ഞു “പെണ്ണ് കെട്ടണമെങ്കിൽ പണിയറിയണം. മീശയും വേണം.ഇത് രണ്ടും ഉണ്ടായാൽകെട്ടിക്കാം.” ഇതുകേട്ട് ചെക്കൻ കരച്ചിൽനിർത്തി.കുറേനേരം താടിയ്ക്ക്കൈയുംകൊടുത്തിരുന്നു.
അതോടെ എല്ലാം തീർന്നെന്നുകരുതി. പിറ്റേന്ന് രാവിലെ അപ്പച്ചൻ കാളയും,കലപ്പയുമായി ഇറങ്ങിയപ്പോൾ ഒരു തോർത്തുമുണ്ടുംഉടുത്ത് ചെക്കൻ മൺവെട്ടിയുമായി കൂടെ ഇറങ്ങി.എന്റെ അച്ചായാ, തലേന്ന് രാത്രിയും കിടന്നുമുള്ളിയചെക്കന് രാവിലെ മീശയും മുളച്ചു. എങ്ങനെയെന്നോ മോളിക്കുട്ടി കൊച്ചിന് പുരികം വരച്ചകണ്മഷി ചെക്കൻമീശവരയ്ക്കാൻ എടുത്തു. അതും കൊമ്പൻമീശ – കണ്ടിട്ട് ചിരിക്കാതിരിക്കുന്നതെങ്ങനെ? ചിരിച്ചാൽ മൺവെട്ടിക്കൊണ്ടുചെക്കൻ ഇരിപ്പത് തരും. അപ്പച്ചൻ ഒന്നും മിണ്ടാതെ മുമ്പേപോയി.
ചെക്കൻ എടുത്താൽ പൊങ്ങാത്ത തൂമ്പയുമായി പുറകെ പോയി.രണ്ടുമണിക്കൂർ കഴിഞ്ഞില്ല നാണു ചെക്കനെയും തോളത്തിട്ടുകൊണ്ടുവന്നു.വെയിലുകൊണ്ട് ചെക്കൻ തളർന്നുപോയി.എന്റെ അച്ചായാ, പുറം മുഴുവൻചെളിയും, മുഖത്തെകപ്പടാമീശയുംകഴുകികളയാൻ അരമണിക്കൂർ വേണ്ടിവന്നു.ഇപ്പോൾ കിടപ്പാണ്.പനിപിടിച്ചു. “കല്ല്യാണോം കഴിക്കണ്ട കഞ്ഞിയും വേണ്ട”. അമ്മച്ചിയമ്മ ചെക്കനെ ശിശ്രൂഷിച്ചുകൊണ്ട് കൂടെ ഇരിപ്പുണ്ട്… ഒരു കല്യാണം വരുത്തിവെച്ച… വിന…
ചെക്കന് പനിയാണെന്നറിഞ്ഞു അമ്മാവൻ ശാസ്താംനടയിൽപോയി ചരടും പൂജിച്ചോണ്ടു വന്നു.പേടിച്ചുപനിവന്നതാണെന്ന് അമ്മാവൻ. മോഹിച്ച് പനിവന്നതാണെന്ന് എങ്ങനെ അമ്മാവനോട് പറയും. ഇപ്പോൾ പനി അൽപ്പം കുറഞ്ഞു. ചെക്കൻ അമ്മച്ചിയമ്മയോട് ചോദിച്ചത്രേ”അമ്മമ്മേ ഞാനിനി എന്നാ വലുതാകുക” എന്ന്.പനിവന്നപ്പോൾ ചെക്കന് ബുദ്ധിയുംതെളിഞ്ഞു. എന്തായാലും നമ്മുടെ മോനല്ലേ അച്ചായാ.. കുട്ടികളാകുമ്പോൾ ചെറിയ വികൃതി ഒക്കെ ഉണ്ടാവില്ലേ….?
ഇന്ന് തേക്കുംകാട്ടിലെ ചിറ്റപ്പനുംകുഞ്ഞമ്മയും വന്നിരുന്നു.പുരുഷനെ കണ്ടിട്ട് വർഷങ്ങളായില്ലേ . പുരുഷനെ അവർക്കും പുരുഷന് അവരെയും തിരിച്ചറിയാൻ കഴിഞ്ഞില്ല.”മോൻ കേമനായല്ലോ” എന്ന് ചിറ്റപ്പൻ പറഞ്ഞപ്പോൾ ചെക്കൻ തിരുത്തിക്കൊടുത്തു. ഞാൻ “കേമനല്ല പുരുഷനാണെന്ന്”.പേരിൽ പുരുഷനെങ്കിലും ഒത്ത പുരുഷനാവാൻ ഇനിയും വർഷങ്ങളെടുക്കും എന്ന് ചെക്കന് ചിന്തിക്കാനുള്ള മൂളയില്ലല്ലോ.എന്തായാലും ചിറ്റപ്പനുംകുഞ്ഞമ്മയും ചെക്കന് ഓണക്കോടിയും തീറ്റിപണ്ടങ്ങളും കൊണ്ടുവന്നു. ചിറ്റപ്പന്റെ മോൻ ശ്രീരാമൻചേട്ടന്റെ കല്യാണം വിളിച്ചിട്ട് ഇവിടുന്ന് പോയത് മറിയാമ്മച്ചിയും ഞാനുംമാത്രമല്ലേ?. മറ്റാരുംചെല്ലാത്തതിന്റെ പരാതിയും പറഞ്ഞു.ഇങ്ങനെയൊക്കെയാണെങ്കിലും ശ്രീരാമൻചേട്ടന്റെ ഭാര്യ മൈഥിലി ഒരാഴ്ചയേ വീട്ടിൽ നിന്നുള്ളൂ. ശ്രീരാമൻ ചേട്ടന്റെ പീഢനം സഹിക്കവയ്യാതെ പോയെന്നാണ് നാട്ടുകാര് പറയുന്നത്.കുഞ്ഞമ്മ പറഞ്ഞത് “വീട്ടിനടുത്തുള്ള എലവേന്ദ്രനുമായി മൈഥിലി ഇഷ്ടത്തിലായെന്നും,കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ എലവേന്ദ്രനൊപ്പം മൈഥിലി ഇറങ്ങിപ്പോയെന്നുമാണ്. “നേരത്തെ ഞാൻ അച്ചായനോട് പറഞ്ഞിട്ടില്ലേ “പേര് ശ്രീരാമൻ എന്നാണെങ്കിലും ചേട്ടന്ശ്രീരാമന്റെ ഒരുഗുണവും കിട്ടിയിട്ടില്ലെന്ന്.?” പെണ്ണുങ്ങളുടെ കുളിസീൻ കാണുന്നതാണ് ശ്രീരാമൻചേട്ടന്റെ വിനോദം. കുളിസീൻ ഉള്ള സിനിമ എത്രവട്ടം കണ്ടാലും മടുക്കില്ല.”ഭാരതി കൊട്ടകയിൽ പോയി കുളിസീൻ ഉള്ള സിനിമകാണുക, എവിടെപെണ്ണുങ്ങൾ കുളിക്കുന്നത് കാണുന്നോ അവിടെ പാത്തുനിന്നുകുളികാണുക” ഇതാണ് സ്ഥിരം പണി. ചേട്ടന് ഒരു ജോലിയുണ്ട് കേട്ടോ.ലോറൻസുതലാളിയുടെ ബസിലെ “കിളി”യാ ചേട്ടൻ.
മൈഥിലി പോയാലും ശ്രീരാമൻ ചേട്ടന് “നല്ല കിളിപോലുള്ള പെണ്ണിനെ വേറെ കിട്ടും”.
ചിറ്റപ്പനും കുഞ്ഞമ്മയും വന്നത് പൊടിയമ്മയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. “അവര് കൃഷ്ണന്റെ ആളുകളല്ലേ. ക്രിസ്തുവിന്റെ ആൾക്കാർ അല്ലല്ലോ”. അച്ചായാ,ഞാനിവിടെ വന്നിട്ട് പള്ളിയിൽപോകുന്നില്ലെങ്കിലും സന്ധ്യയ്ക്ക് പ്രാർത്ഥിക്കുന്നില്ലേ? “നമ്മൾആദ്യമായി പ്രണയം കൈമാറിയദിവസം അച്ചായൻ എന്റെ കഴുത്തിലിട്ടുതന്ന “കുരിശുമാല “ഞാനിന്നും നിധിപോലെസൂക്ഷിച്ച് വെച്ചിട്ടുണ്ട്. “അല്ലെങ്കിലും പൊടിയമ്മയ്ക്ക് ചെറിയ അസൂയയുണ്ട് എന്നോട്. ഞാനല്ലേ മൂത്തമരുമോള്.പോരെങ്കിൽ പുരുഷന്കിട്ടുന്ന പരിഗണന അവളുടെ ചെക്കന് കിട്ടാനുംപോകുന്നില്ല.പോരെങ്കിൽ തേക്കുംകാട്ടിലെ കുഞ്ഞമ്മയ്ക്ക് ഈ പ്രായത്തിലും പൊന്നിന്റെ നിറമാണ്.ലേശംപല്ല് പൊങ്ങിയിട്ടാണെങ്കിലും മുടി മുട്ടൊപ്പമുണ്ട്. ഇതൊക്കെ കണ്ടാൽ പൊടിയമ്മയ്ക്ക് സഹിക്കുമോ? അവളുടെ അമ്മച്ചി കറുത്തിട്ടാണല്ലോ. പൊക്കമുണ്ടോ,പേട്ടാച്ചി തലയും, വീർത്ത ഉടലും.എന്നിട്ടാണ് “നമ്മുടെ അപ്പച്ചനെ വളയ്ക്കാൻ നോക്കിയത്”. അപ്പച്ചന്റെ പട്ടി വളയും.അപ്പച്ചൻ”കുടുംബത്തിൽ പിറന്നവനാണ്. അപ്പച്ചന് കൃഷിയുംപാടവും കഴിഞ്ഞേ മറിയാമ്മച്ചി പോലുമുള്ളു.അത് കുള്ളത്തി ത്രേസ്യാമ്മയ്ക്ക് അറിയില്ലല്ലോ. എന്നാലും എന്റെ അച്ചായാ “എന്റെ തേക്കുംകാട്ടിലെ കുഞ്ഞമ്മ സുന്ദരിയായിപ്പോയത് തെറ്റാണോ?..”മോളിക്കുട്ടിക്ക് പെൺകൊച്ചല്ലേ?അവള് കൊച്ചിനെ കുളിപ്പൊച്ചൊരുക്കുന്നകാര്യത്തിലാ ശ്രദ്ധിക്കുന്നത്. പുരുഷന് പെണ്ണിനെ കാണുമ്പോൾ ചെറിയ നാണമൊക്കെ വരുന്നുണ്ട്. പെണ്ണ് നാണിക്കാറായില്ലല്ലോ.അതിനുംകൂടിചെക്കൻ നാണിക്കുന്നുണ്ട്…
..ബാക്കി വിശേഷങ്ങൾ അടുത്ത കത്തിൽ എഴുതാം.

No Comment.