Skip to content

chithrodayamflashnews.com

November 28, 2026 5:40 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി(ഭാഗം: പതിനാറ് )

പ്രിയപ്പെട്ട അച്ചായന്,

അച്ചായാ, ഇന്നും ഇവിടെ മഴയാണ്. തണുപ്പ് എന്റെ തൊണ്ടയെ ബാധിച്ചു.ഇപ്പോൾ ആനയുടെചിന്നംവിളിപോലെയാണ് എന്റെ സ്വരവും.

വീട് വീടാന്തരം കയറിയിറങ്ങുന്ന സാവിത്രിദേവനെ തോട്ടിൽകുളിക്കാൻ പോയപ്പോൾ കണ്ടു.എവിടെയോ വായ്നോട്ടംകഴിഞ്ഞ് പോകുന്നവഴിയാണ്.എപ്പോൾ കണ്ടാലും പെറ്റുകിടപ്പ് കുപ്പായംപോലെ ഒരു കുപ്പായവും,ഒരു മുണ്ടും പുതച്ചാണ് നടപ്പ്. എനിക്കുതോന്നുന്നത് വെയിലത്തും മഴയത്തും ഇവൾക്ക് “കുളിരാണെന്ന്.”അല്ലാതെ ഈ കോലത്തിനെ കണ്ടാൽ ആർക്കും “കുളിരില്ല. “എന്റെ അച്ചായാ, കഴിഞ്ഞ കത്തിൽ ഞാൻ പറഞ്ഞിരുന്നല്ലോ “സാവിത്രി ചരിതം” എഴുതാമെന്ന്.പറഞ്ഞുകേട്ട അറിവാണുകേട്ടോ എല്ലാം ശരിയാവണമെന്നില്ല.

“കാമുകൻ കൈവിട്ടപ്പോൾ സാവിത്രിയെ സത്യവാൻ കെട്ടി.പേരിലെ സത്യം സത്യവാന് ഉണ്ടായിരുന്നില്ല. അസത്യവാനായ സത്യവാൻ ദുർഗുണനുമായിരുന്നു എന്നാണ് സാവിത്രി പറയുന്നത്.എന്തായാലും ഓടിച്ചിട്ട് പീഡിപ്പിച്ച് സാവിത്രിരണ്ട് പെറ്റു. പെറ്റുകഴിഞ്ഞപ്പോഴാണ് സാവിത്രിക്ക് തോന്നിയത്.ദുർഗുണന്റെ പീഢനം സഹിക്കണോ അതോ പുറംകാലുകൊണ്ട് തൊഴിക്കണോ?സാവിത്രി തൊഴിക്കാൻ തുടങ്ങി. അങ്ങനെ തൊഴിയും പീഢനവും തുടരവേ സാവിത്രി ആത്മഹത്യാഭീഷണി മുഴക്കി..അരമണിക്കൂർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു”. ഇതിനിടയിൽ പണിക്കാരും, ദുർഗുണനും ചേർന്ന് അതിസാഹസികമായി സാവിത്രിയെ പിന്തിരിപ്പിച്ചു.

അതിന് ശേഷം സാവിത്രി നാടുനന്നാക്കാനിറങ്ങി.ഇപ്പോൾ “നമ്മളൊന്നാണ് കൂട്ടായ്മയുമായി നടക്കുന്നു.

സാവിത്രിയുടെ സ്വഭാവത്തെ കുറിച്ച് പറയുകയാണെങ്കിൽ പൊതുവെ ആരെയും വിശ്വസിക്കുന്ന തരമല്ല. “ഒന്നരയടി പൊക്കമാണെങ്കിലും,
നാക്ക്ആറടി നീളമുണ്ട്.”

“വാക്കാണ് നാക്ക് സാവിത്രിയ്ക്ക്,

പെണ്ണുങ്ങളെ ഇഷ്ടമാണ് കൂടുതൽ കൂട്ടില്ല.രഹസ്യം സൂക്ഷിക്കാൻ പെണ്ണുങ്ങളെകൊണ്ട് പറ്റില്ലെന്നും, അസൂയയും, പൊങ്ങച്ചവും കാണിക്കുന്നവരാണ് ഭൂരിഭാഗവും എന്നുംസാവിത്രി വിശ്വസിക്കുന്നു.അതുകൊണ്ട് ആണുങ്ങളുമായി കൂട്ടാണ്. പക്ഷെ,അവരെ വരച്ച വരയിൽ നിർത്തുന്നവളാണ് സാവിത്രി.

അതിന് സാവിത്രി പറയുന്നത് സ്നേഹത്തോടെ, എളിമയോടെ, പെരുമാറി,നിലയ്ക്ക് നിർത്തണം എന്നാണ്. സാവിത്രിയുടെ “പുണ്ണുപിടിച്ച മോന്ത കണ്ടു പ്രേമിക്കാൻ ചെന്നവർ അനവധി.പക്ഷെ സാവിത്രി പറയുന്നത് “ഉപ്പിനോളംവരുമോഉപ്പിലിട്ടത്. ?സാവിത്രിക്ക്, ദേവൻ തേച്ചതുപോലെ ആവർത്തിക്കുമോ എന്നഭയവും,സത്യവാനോടുള്ളദേഷ്യവും,പ്രണയത്തോടുള്ള അകൽച്ചയ് ക്കുകാരണമായത്രെ…

അച്ചായാ സാവിത്രിദേവന്റെ “നമ്മളൊന്നാണ് കൂട്ടായ്മയിലേയ്ക്ക് സ്റ്റീഫനേയും, ജോൺസണേയും, ഞങ്ങൾ പെണ്ണുങ്ങളേയും ക്ഷണിച്ചിട്ടുണ്ട്. സ്റ്റീഫൻ പോകാൻ തയാറായി നിൽക്കുകയാണ്.പോരെങ്കിൽഏറ്റവും നല്ല “തേങ്ങാക്കാരനുള്ള സമ്മാനം” സ്റ്റീഫന് കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്.ഏറ്റവും നല്ല “കൃഷിക്കുള്ള സമ്മാനം അപ്പച്ചന് കൊടുക്കാമെന്ന് പറഞ്ഞുനോക്കി.അപ്പച്ചൻ നല്ല ആട്ടുകൊടുത്തു. “നിന്റെ.. അമ്മുമ്മേടെ ..ഒരു സമ്മാനം” അതുകേട്ടതും സാവിത്രിദേവൻ അപ്പച്ചനെ കൊഞ്ഞനം കാണിച്ചോണ്ട് ഒറ്റ പോക്ക്.

അമ്മച്ചിയമ്മ അപ്പച്ചനെ വഴക്ക് പറഞ്ഞു ഏലിയാസേ,പെണ്ണുങ്ങളെ തെറി പറയാമോ?പോരെങ്കിൽ വലിയ പേരുംപെരുമയും ഇല്ലെങ്കിലും തെക്കേലെ പാക്കരന് തെങ്ങേന്നുവീണ് പരിക്ക് പറ്റിയപ്പോ ഊന്നുവടി മേടിച്ചുകൊടുത്തത് ആരാ?…”ഈ സാവിത്രി.,”
കോണത്തുവീട്ടിലെ സുശീലയ്ക്ക് കാണാപ്പുറത്തുവന്ന വട്ടച്ചൊറിക്ക് മരുന്നിന് കാശുകൊടുത്തത് ആരാ?”ഈ സാവിത്രി.”,
ചങ്കരന്റെമോൻ പങ്കന് പള്ളിക്കൂടത്തിൽപോകാൻ സ്ലേറ്റ് മേടിച്ചുകൊടുത്തത് ആരാ?” ഈ സാവിത്രി ” അപ്പോ സാവിത്രി നല്ലതും ചെയ്യുന്നില്ലേ?
അപ്പോൾ ഒരുപക്ക നെല്ലോ,രണ്ട് തേങ്ങയോ സാവിത്രിക്ക് കൊടുക്കുന്നതിൽ തെറ്റുണ്ടോ?”ഇത്രയും നാളും നീ കൃഷി ചെയ്തിട്ട് നിന്റെ ഭാര്യ മറിയ നിന്നെ അംഗീകരിച്ചോ?
അപ്പോ ആരും അംഗീകരിക്കാത്ത നിനക്ക് കൃഷിക്കാരന്റെ “സമ്മാനം” കൊണ്ടുത്തരാൻ വന്ന സാവിത്രിയെ തെറിവിളിച്ചത് ശരിയാണോ?
നിനക്കിത് തന്നതുകൊണ്ട് നാളെ സാവിത്രിക്ക് “ഗുണമുണ്ടോ”?”തിളങ്ങുന്നസാരിയുടുക്കാത്ത സാവിത്രിയെ ആരെങ്കിലും അറിയുന്നുണ്ടോ?”നാളെ ആരെങ്കിലും അറിയുമോ?സാവിത്രി എന്നും “കിണ്ണം കട്ടകള്ളിയായി “തുടരും. നീകൊടുക്കുന്ന നെല്ലുകൊണ്ട് സാവിത്രി പത്തുപേർക്ക് കഞ്ഞികൊടുത്താൽ നീ അറിയാതെ നീയും കാരുണ്യവാനാവില്ലെ?
ഇനി സാവിത്രിയുടെ കിണ്ണത്തിൽ ബാക്കി എന്തുണ്ട് എന്ന് തപ്പുന്നവർ സാവിത്രിയെപ്പോലെ മറ്റൊരു സാവിത്രിയായികാണിച്ചുകൊടുക്കുകയല്ലേ വേണ്ടത് “.?

ഇത്രയും കേട്ടതും അപ്പച്ചന് ഉത്തരം മുട്ടി . “ടീ… മറിയേ..സാവിത്രി വന്നാൽ രണ്ട് പക്ക നെല്ല്
കൊടുത്തേയ്ക്ക്.”
“ഓടിച്ച് വിട്ടില്ലേ മനുഷ്യാ ഇനി സാവിത്രി ഇങ്ങോട്ട് വരുമോ?മറിയാമ്മച്ചിയുടെ ചോദ്യം അസ്ഥാനത്തായിരുന്നു.

സാവിത്രിക്കുണ്ടോ നാണം.? അവളുവന്ന് നെല്ലുംവാങ്ങി,,രണ്ട് തേങ്ങ
ചോദിച്ചും വാങ്ങി,പുരുഷന് മുട്ടായിയും കൊടുത്ത്, സ്റ്റീഫനെ നോക്കി ഇളിച്ചു കാണിച്ച്,അപ്പച്ചന്റെ മുന്നിൽ താണുതൊഴുത്,അമ്മച്ചിയമ്മയോട് കിന്നാരംപറഞ്ഞ്,മറിയാമ്മച്ചി കൊടുത്തചോറുംമത്തിക്കറിയും തിന്ന് ,പെറ്റുകിടപ്പുപെണ്ണുങ്ങളെകണ്ട് കൊച്ചിന് പാല് കൊടുക്കുന്നവിധവും പഠിപ്പിച്ച് മൂളിപ്പാട്ടും പാടി പോയി.

ഇതാണ് സാവിത്രി…കർത്താവ് ഇങ്ങനെ ഓരോന്നിനെ പടച്ചുവിടും….

അച്ചായാ,ഓണത്തിന് ഇനി ഒരാഴ്ച മാത്രമേയുള്ളു. അമ്മാവന് മുണ്ടും, തോർത്തും മേടിച്ചുകൊടുക്കണം. തേക്കുംകാട്ടിലെ ചിറ്റപ്പനും എന്തെങ്കിലും കൊടുക്കണം.അച്ചായൻ ഓണത്തിന് വരില്ലേ?എനിക്ക് അച്ചായനെ കാണാൻ കൊതിയായി.ചെക്കൻ അപ്പച്ചനെ മറന്ന മട്ടാണ്. വള്ളംകളിക്ക്പോയിവന്നപ്പോൾ സ്റ്റീഫൻ ഒരു കളിവള്ളം കൊണ്ടുകൊടുത്തു .ഇപ്പോൾ ചരുവയിൽ വെള്ളം നിറച്ച് വള്ളംകളി നടത്തുകയാണ് ചെക്കൻ.അടുത്തവർഷത്തെ വള്ളം കളിക്ക് തുഴക്കാരനാകും” എന്നാണ് ചെക്കന്റെ ഭാവം.

അപ്പുറത്തെ ലീലയുടെമോള് രാധാമണിയും, കെട്ടിയോനും വന്നിട്ടുണ്ട്.”രായേദ്രന്”കൊടുക്കാൻ പുട്ടും, പഴവുംവാങ്ങാൻ പോണ് “എന്നുംപറഞ്ഞ് ലീല ഇന്നലെ രാഘവൻമാമന്റെ കടയിൽ പോകുന്നതുകണ്ടു.

ഇന്ന് രാധാമണിയും രാജേന്ദ്രനും കൂടി ഇവിടെ വന്നിരുന്നു.രാധാമണിയെ കണ്ടതും സ്റ്റീഫന്റെ മുഖത്ത് നിരാശനിഴലിച്ചു. പൊടിയമ്മ കാണാതെ “ആ നിഴലിപ്പ് ” സ്റ്റീഫൻ ഒളിപ്പിക്കുകയുംചെയ്തു. ചെക്കന് രാധാമണിയെ കണ്ടതും വലിയ സന്തോഷമായി.രണ്ട് കമ്പ്‌മുട്ടായി രാധാമണി ചെക്കന് കൊണ്ടുകൊടുത്തു. അതിലൊന്ന് സ്റ്റീഫൻ വാങ്ങി ഊറിനോക്കി.രാധാമണിയെ കിട്ടാത്തസങ്കടം അവൻ മുട്ടായിയിൽ തീർത്തു.

രാജേന്ദ്രന് ഇഷ്ടപ്പെട്ട പുട്ടുകൊടുത്ത് മറിയാമ്മച്ചി അവരെ സൽക്കരിച്ചുവിട്ടു. പോകാൻനേരം രാധാമണി സ്റ്റീഫന്റെ കൊച്ചിന് ഒരുമ്മയും, കൊടുത്തു. കൊച്ചിന്കൊടുത്തത് കിട്ടിയത് സ്റ്റീഫനാണെന്ന്തോന്നും സ്റ്റീഫന്റെ ഭാവം കണ്ടാൽ. രണ്ടുദിവസം കഴിഞ്ഞേ രാധാമണിയും രാജേന്ദ്രനും തിരിച്ചുപോകൂ.അതുകാരണം തേങ്ങാക്കച്ചവടത്തിന് പോകാതെ രാധാമണിയുടെ വീടിനുചുറ്റും പുല്ല് ചെത്തലാണ് സ്റ്റീഫൻ. കൂട്ടിന് പുരുഷനെയുംകൊണ്ടുപോകും.അതുകൊണ്ട് ചെക്കനിപ്പോൾ തോട്ടിലെ വെള്ളത്തിലാണ് വള്ളം കളി നടത്തുന്നത്.

കുന്നത്തുകാവിലെ അമ്പലത്തിൽ നാളെ ഗംഗാധരൻ വെളിച്ചപ്പാടിന്റെ തുള്ളൽവെളിപാടുണ്ട്. അമ്മാവനും,അപ്പുറത്തെ ലീലയും, ഭവാനിയും, സരസുവുമൊക്കെ പോകുന്നുണ്ട്.ഒന്നുപോയിരുന്നെങ്കിൽ എനിക്ക് ഇടയ്ക്കിടെവരുന്ന തുമ്മലും,വേദനകളുംമാറുമെന്ന് അമ്മാവൻ പറയുന്നു. ഗംഗാധരൻവെളിച്ചപ്പാട് ദേവിയായി മാറുകയും അപ്പോൾ ദർശനം കിട്ടിയാൽ എല്ലാഐശ്വര്യവും ഉണ്ടാകുമെന്നും അമ്മാവൻ പറഞ്ഞു.പക്ഷെ തലവേദനകാരണം തലപൊങ്ങുന്നില്ല പിന്നെ എങ്ങനെ പോകും?

ഇവിടെ പെറ്റുകിടപ്പ് പെണ്ണുങ്ങളിൽ പൊടിയമ്മ കിടപ്പ് നിർത്തിഎണീറ്റു.മോളിക്കുട്ടി മുള്ളാനും, തിന്നാനും മാത്രം എണീക്കും.അവള് ഉടനെയൊന്നും എണീക്കുമെന്നുതോന്നുന്നില്ല.എനിക്ക് തോന്നുന്നു.മിക്കവാറുംഈ കിടപ്പിൽ അടുത്തപ്രസവംകൂടി കഴിഞ്ഞേ അവൾ എണീക്കൂ..

ഇന്ന് നമ്മുടെ വീട്ടിൽ മാവേലിവന്നു.
“കുഞ്ഞമ്മയുടെ രൂപത്തിൽ”.
കൂട്ടത്തിൽ അവളുടെ കെട്ടിയോൻ ഔസേപ്പും ഉണ്ടായിരുന്നു.ഒരുവർഷമായി കുഞ്ഞമ്മ വന്നിട്ട്.അവളുടെ കൊച്ചിനെ പള്ളിക്കൂടത്തിൽ ചേർത്തതാണ് കാരണം.ഇതുകേട്ടാൽ തോന്നും അവളുടെകൊച്ച് നാളെ “ഡോക്ടറാകുമെന്ന് . ഔസേപ്പിന് മൂലക്കുരുബാധിച്ചെന്ന് തോന്നുന്നു.ഇരിക്കാൻ സമയമില്ലത്രേ.കുഞ്ഞമ്മ പെറ്റുകിടപ്പ് പെണ്ണുങ്ങൾക്കും, കൊച്ചുങ്ങൾക്കും പിടിപ്പത് കൊണ്ടുവന്നു.എന്നിട്ടും,നമ്മുടെ പുരുഷന് ഒരു നിക്കറിന്റെ തുണിപോലും കൊടുത്തില്ല.എനിക്ക് നല്ല വിഷമമായി അച്ചായാ.എന്റെമോൻ നിക്കറില്ലാത്തകുട്ടിയൊന്നുമല്ല. “അവന് മൂന്ന് നിക്കറുണ്ട്. പോരെങ്കിൽ അമ്മാവനും ചിറ്റപ്പനും കൊടുത്ത ഓണക്കോടിയുണ്ട്.കുഞ്ഞമ്മ പോയപ്പോ മോൻ എന്നോട് ചോദിക്കുകയാണ് “അപ്പച്ചിയമ്മ എനിക്കെന്താ നിക്കറ് പോലും മേടിച്ച് തരാത്തത് “എന്ന്.
കേട്ടപ്പോൾ നെഞ്ചു പൊടിഞ്ഞുപോയി അച്ചായാ. അവൾക്കെന്താ എന്റെ കൊച്ചിനൊരു നിക്കറ് മേടിച്ചുകൊടുത്താല് “? അച്ചായനെ പറഞ്ഞാൽ മതിയല്ലോ.അപ്പച്ചനാണത്രെ… അപ്പച്ചൻ.
ഇതുവരെ ചെക്കനെ നിങ്ങളൊന്ന് നേരെ കണ്ടോ മനുഷ്യാ?..എന്റെ ചെക്കൻ ഹനുമാൻ കോവിലിൽപോയി തൊഴുത് പ്രാർത്ഥിക്കും.”അപ്പച്ചന്റെ മുഖമുള്ള ദൈവമേ എന്റെ അപ്പച്ചൻ വേഗം വരണേ എന്ന്…..

Asnap 42

 

0 Comments

No Comment.