
എന്റെ അച്ചായന്,
ആദ്യം തന്നെ ഒരു സന്തോഷവാർത്ത അറിയിക്കാം. അപ്പാച്ചിയുടെ കത്തുവന്നു. പോസ്റ്റുമാൻ കത്തു കൊണ്ടുകൊടുത്തതും, കിട്ടിയപാടെ വറീതമുപ്പീന്ന് പേർഷ്യൻകത്തുമായി ഓടിപ്പാഞ്ഞെത്തി. സ്റ്റീഫനെ കൊണ്ട് വായിപ്പിക്കാനാണ് കൊണ്ടുവന്നത്. പക്ഷെ, സ്റ്റീഫൻ ലൂക്കോസിന്റെ കടയിൽ പണിക്ക് പോയിരിക്കുവല്ലേ. അതുകൊണ്ട് കത്ത് മോളിക്കുട്ടിവായിച്ചു. വീട്ടിലെ ഏറ്റവും പഠിത്തക്കാരി മരുമോള് അവളല്ലേ. പത്താംക്ലാസുവരെ പഠിച്ചതിന്റെ അഹങ്കാരവും അവൾക്കുണ്ട്. അപ്പാച്ചിയുടെ കത്ത് ഇവിടെമാത്രമല്ല, രാഘവൻമാമന്റെ കടയിലും വായിക്കപ്പെട്ടു. കത്തുവായിച്ചുകേട്ടതും വറീതുമൂപ്പീന്ന് സന്തോഷിച്ചു. അപ്പാച്ചിപോയിട്ട് മാസം ആറുകഴിഞ്ഞു.ആദ്യമായിട്ട് വരുന്നകത്താണ്.
കത്തിലെ വാചകങ്ങൾ എനിക്ക് ഇപ്പോഴും നല്ല ഓർമ്മയുണ്ട്.
‘എനിക്ക് എത്രയും സ്നേഹമുള്ള അപ്പാപ്പന്.
ഞാനിവിടെ എത്തിപ്പെടാൻ ഒരുപാട് ബുദ്ധിമുട്ടി അപ്പാപ്പാ. ഇവിടെ ഈന്തപ്പനയിൽ കേറാൻ പറഞ്ഞു അറബി.എനിക്ക് മരത്തിന്റെ മുട്ടിൽ വീണത് പെറുക്കാനല്ലേ അറിയൂ.മരംകേറാൻ അറിയില്ലല്ലോ. ഞാൻ അറബിയുടെ കാലിൽപ്പിടിച്ചു കരഞ്ഞു. അവസാനം എനിക്ക് ഈന്തപ്പഴം ചുമട് കിട്ടി. പിന്നെ അറബിയുടെ തോട്ടത്തില് ചെടികൾക്ക് വെള്ളമൊഴിക്കണം. ഇവിടെവന്നപ്പോൾ കത്തെഴുതാൻ അറിയാവുന്ന ആരെയും കണ്ടില്ല. ഇപ്പോൾമലപ്പുറത്തുള്ളമുഹമ്മദ്കുട്ടി എന്റൊപ്പമുണ്ട്. അവന്
എഴുതാനറിയാം. എനിക്ക് സുഖമാണ് അപ്പാപ്പാ. അവിടെ ലീലച്ചേച്ചിയേയും,പാത്തുതാത്തയേയും, നാട്ടിലെല്ലാവരെയും ഞാൻ ചോദിച്ചതായി പറയണം.അപ്പാപ്പന് സുഖമാണെന്ന് വിശ്വസിക്കുന്നു. കുറച്ചുകാശ് ഞാൻ വരുമ്പോൾ കൊണ്ടുവരാം.അപ്പാപ്പൻ ഇപ്പോൾപണിചെയ്ത് ജീവിക്കണം.ഞാൻ വരുമ്പോൾ ഈന്തപ്പഴവും,തുണികളും മണമുള്ളസെന്റും കൊണ്ടുവരാം.
എന്ന്,
കൊച്ചുമോൻ അപ്പാച്ചി.
എന്റെഅച്ചായാ.കത്തുമായിവറീതുമൂപ്പീന്ന് വായിക്കാൻ അറിയാവുന്നവരുടെ അടുത്തൊക്കെപ്പോയി വായിച്ചുകേട്ടു. എത്രകേട്ടിട്ടും മൂപ്പീന്നിന്
മതിയായില്ല. അപ്പാച്ചിയുടെ വിശേഷം പറയാനും,കത്തുവായിപ്പിക്കാനും മാത്രമേ വറീത് മൂപ്പീന്നിന് സമയമുള്ളൂ. അപ്പാപ്പൻ സരസ്വതിയുമായി പുതിയ ദാമ്പത്യം തുടങ്ങിയകാര്യം അപ്പാച്ചി വരുമ്പോഴാവും
അറിയുക.എന്തായാലുംസരസ്വതിവന്നതോടെ വറീത് മൂപ്പീന്നിന് ഭാഗ്യവും തെളിഞ്ഞു മൂപ്പീന്നിന്റെ ശിശ്രൂഷയ്ക്ക് ആളായി,കാത്തുകാത്തിരുന്ന അപ്പാച്ചിയുടെ കത്തും വന്നു. പോരെങ്കിൽ സരസ്വതി വളരെപ്പെട്ടെന്ന് നാട്ടുകാരോട് അടുത്തു. ഇപ്പോൾ കൗസല്യ വറീതുമുപ്പീന്നിന്റെ വീട്ടിൽ ഇടയ്ക്കിടെപോകും. തോട്ടിലെകുളിയും സരസ്വതിയും കൗസല്യയും ഒരുമിച്ചാണ്.
കോങ്കണ്ണിപാത്തുവിന്റെ കൊച്ചിന്റെ നൂലുകെട്ട് മറ്റെന്നാളാണ്.
പിറവത്ത്
ചന്തയിൽപോയിട്ട് വന്നപ്പോൾ മറിയാമ്മച്ചി
ഒരുജോഡി ഉടുപ്പും നിക്കറുംമേടിച്ചോണ്ട് വന്നു.പക്ഷെ മീൻവെള്ളംവീണ് അതിലൊരുപുള്ളിവീണു. പൊടിയമ്മ ആ ഭാഗം മാത്രം കഴുകി എടുത്തു മോളിക്കുട്ടിയുടെചാച്ചന്റെമോൻ കൊണ്ടുകൊടുത്തസ്പ്രേയും അടിച്ച് പുതിയതാക്കി വെച്ചിട്ടുണ്ട്.അമ്മച്ചിയമ്മയും ചെക്കനുംകൂടി പോകും.
ഞാൻ പോകുന്നില്ല. ചെക്കനേയും കൊണ്ടുപോയാൽ ഇറച്ചിയുടെ ഒരു കഷണം പോലും എനിക്ക് കിട്ടില്ല. ചെക്കൻ ആദ്യം എന്റെ കോഴിക്കറിയിൽ കൈവെയ്ക്കും.അതുകഴിഞ്ഞ് ചെക്കന്റെ തിന്നും. കോഴിക്കാല് കിട്ടിയില്ലെങ്കിൽ ബഹളംവെയ്ക്കും. കാല് മേടിച്ചുകൊടുക്കാൻ അമ്മച്ചിയമ്മയാണ് മിടുക്കി.ഇന്നലെ ചന്തയിൽനിന്ന് കൊഴുവ മേടിച്ചോണ്ട് വന്നു. അതിൽ കുറച്ചെടുത്ത് പീരവെച്ചു. ചെക്കൻ അതുമുഴുവനും തിന്നുതീർത്തു. തിന്നുകഴിഞ്ഞ് അമ്മച്ചിയമ്മയോടുപറഞ്ഞു.
“അമ്മമ്മേ കുഞ്ഞു മീൻ കൊള്ളാം.വല്യമീനിന്റെ മക്കളെ ഇനിയും വേടിച്ചണം കേട്ടോ'”
ചെക്കൻ വിചാരിക്കുന്നത് വലിയമീനിന്റെ കുഞ്ഞുങ്ങളാണ് കൊഴുവ എന്നാണ്. ഇപ്പോൾ കാര്യമായകടയപ്പംകിട്ടുന്നില്ല.പിള്ളേര് രണ്ടെണ്ണംവേറേയുമില്ലേ. മോളിക്കുട്ടിയുടെ മോളോടാണ് ചെക്കന് താല്പര്യം. പൊടിയമ്മയുടെ മോനെ അത്രപോര. എങ്കിലും സ്റ്റീഫനെ പേടിച്ചും,പൊടിയമ്മകൊടുക്കുന്ന കടയപ്പവും കാരണം, ഉപദ്രവിക്കാനൊന്നും പോവില്ല.
എന്നാൽ മോളിക്കുട്ടി ചെക്കനൊന്നും കൊടുക്കത്തുമില്ല. ചെക്കൻ കിട്ടുന്നതിൽപങ്ക് മോളിക്കുട്ടിയുടെ മോൾക്ക്കൊടുക്കുന്നുമുണ്ട്. അപ്പച്ചനെപോലെ തന്നെമോനും പെണ്ണിനോട് താല്പര്യമാണ്…
തള്ള് അപ്പുണ്ണിയുടെ കെട്ട്യോള് സുശീലയ്ക്ക് വിശേഷമുണ്ട്.അപ്പുണ്ണി അച്ഛനാവാൻപോകുന്നു. സുശീലയുടെആദ്യകെട്ട്യോൻ മുരുകൻ ഇപ്പോഴും മനസുമാറി സുശീലമടങ്ങി ചെല്ലുന്നതും കാത്തിരിപ്പാണ്. എന്തായാലും സുശീല ഗർഭം ധരിച്ചതോടുകൂടി രാഘവൻ മാമന്റെ കടയിലെ പയ്യന്മാരുടെതള്ള് കുറഞ്ഞു.എന്നാലും അപ്പുണ്ണിയുടെയും സുശീലയുടെയും പുട്ടുകുത്തിന് കുറവൊന്നുമില്ല.ഇനി രാഘവൻമാമന്റെ കടയിൽ കുഞ്ഞിക്കാലുകൾ ഓടിക്കളിക്കാൻതുടങ്ങും. അങ്ങനെ ഒറ്റയാനായ രാഘവൻ മാമനും അപ്പുപ്പനാവാൻ പോകുന്നു.മമ്മദിന്റെകടയിലെ മുട്ടയും, ഏത്തപ്പഴവും തിന്ന് സുശീല ഒന്നുകൊഴുത്തു. തമിഴ്നാട്ടീന്ന് വെള്ളപ്പൊക്കത്തിന് കേരളത്തിലെത്തിയ സുശീലയെകണ്ടാൽ ഇപ്പോൾ വെള്ളം കുടിച്ച്കിടക്കുന്നതായി തോന്നും.പഴയ എല്ലിൽ തോലണിഞ്ഞ സുശീലയാണെന്ന് കണ്ടാൽ തിരിച്ചറിയില്ല. എല്ലാം അപ്പുണ്ണിയുടെ കൂടെകൂടിയതിന്റെ ഫലം….
അച്ചായാ.എന്തൊക്കെയുണ്ട് വിശേഷങ്ങൾ അവിടെ മഴയുണ്ടോ?അച്ചായന് സുഖമല്ലേ?ഇവിടെ എല്ലാവരും സുഖമായിരിക്കുന്നു ബാക്കിവിശേഷങ്ങൾ അടുത്തകത്തിൽ

No Comment.