
പ്രിയപ്പെട്ട അച്ചായന്,
അച്ചായാ, നമ്മുടെ കോങ്കണ്ണി പാത്തുവിന്റെ കൊച്ചിന് പേരിട്ടു “ഉമറുദീൻ ‘ഖദീജയുടെ മോൻ ഉസ്മാനും കോങ്കണ്ണി പാത്തുവിന്റെ മോൻ ഉമറുദ്ദീനും.
ഉമറുദീന് താൻ മരുമകൻ ആണെന്നും, ഉസ്മാൻ തന്റെ അമ്മാവനാണെന്നും പരസ്പരം തിരിച്ചറിയാതെ രണ്ടുമാസം പ്രായമുള്ള ഉമറുദീനും നാലുമാസം പ്രായമുള്ള ഉസ്മാനും കയ്യുംകാലും പൊക്കി കളിക്കുകയാണ്. ഖദീജാഉമ്മാച്ചി പലഹാരകച്ചവടം തുടങ്ങാൻ തയ്യാറായപ്പോൾ കുഞ്ഞിക്കണ്ണ് പറഞ്ഞു
“മാമി അപ്പകച്ചോടത്തിനൊന്നും പോണ്ട. ഞങ്ങള് ഉസ്മാനെ പൊന്നുപോലെ
നോക്കിക്കൊള്ളാം. അല്ലേലും എനിക്കാകെയുള്ള അളിയനല്ലേ ഉസ്മാൻ ?”
അതോടെ ഖദീജയ്ക്കും സന്തോഷമായി മരുമോന് മാത്രമായി അമ്മായി അപ്പമുണ്ടാക്കാൻ തുടങ്ങി. അതോടെ മുൻപ് പാടുന്ന പാട്ടും ഖദീജപാടിത്തുടങ്ങി.
“അപ്പത്തരങ്ങളെല്ലാം മരുമോനിക്ക്… അമ്മായിച്ചുട്ടുവെച്ചൊരപ്പത്തരം..
പിള്ളേര് രണ്ടുപേരേയും നോക്കാൻ കാശുവേണ്ടേ.. കുഞ്ഞിക്കണ്ണ് ഇപ്പോൾവറീത് മൂപ്പീന്നിന്റെ ഒപ്പം കൂടീരിക്കുകയാണ്. മൂപ്പീന്നിന്റെചക്കടാവണ്ടിയുമായി കുഞ്ഞിക്കണ്ണ് ചരക്കെടുക്കാൻപോകും. അല്ലെങ്കിലും സരസ്വതി കുട്ടിനെത്തിയതോടെ വറീതുമൂപ്പീന്ന് എവിടെപ്പോയാലും
ദിവസവും വീട്ടിലെത്തും. സരസ്വതിയെ പിരിഞ്ഞിരിക്കില്ല. അതുകൊണ്ടുതന്നെ ദിവസങ്ങളോളംമടങ്ങിയെത്താൻ പറ്റാത്ത ഓട്ടം വേണ്ടെന്നുവെയ്ക്കുകയാണിപ്പോൾ.അപ്പോഴാണ് .ഡ്രൈവറായി കുഞ്ഞിക്കണ്ണ് എത്തുന്നത്.അതോടെ വറീതിന്റെ ദീർഘദൂരം ഓട്ടം കുഞ്ഞിക്കണ്ണിനുകൊടുത്തു.രണ്ടുദിവസംകൊണ്ട് മണിയൻ കാളയും,കരുണൻ കാളയും കുഞ്ഞിക്കണ്ണുമായി
ലോഹ്യത്തിലായി. ഇപ്പോൾ വണ്ടിയും കാളകളും കുഞ്ഞിക്കണ്ണും റെഡി. ഇനി അത്യാവശ്യം വന്നാൽ വണ്ടിക്ക് ബുദ്ധിമുട്ടണ്ട.ലൂക്കോസ് മുതലാളിയുടെ കാറിനേക്കാൾ വേഗത്തിൽ കുഞ്ഞിക്കണ്ണ് ചക്കടാവണ്ടി പായിക്കും..
അപ്പുണ്ണിയുടെ സുശീല നിറവയറുമായി നിൽപ്പാണ്. ഇന്നോ നാളെയോ എന്നസംശയവുമായി.. എപ്പോൾ പേറ്റുനോവ്തുടങ്ങിയാലും പാപ്പനാഭൻ ഡോക്ടറുടെ ആശുപത്രിയിലേയ്ക്ക് പോകാൻ കുഞ്ഞിക്കണ്ണും കാളകളും തയ്യാറായി
നിൽപ്പുണ്ട്…
അച്ചായാ, എന്റെ ഒപ്പം പഠിച്ച കോമളത്തെയും പുഷ്പ്പവല്ലിയേയും അറിയില്ലേ?അതിൽ കോമളവല്ലിക്ക് കുട്ടികളില്ലായിരുന്നല്ലോ.അയാൾ ഞൊണ്ടിയാണെന്നും പേപ്പർമില്ലിലാണ് പണിയെന്നും ഞാൻ മുൻപ് എഴുതിയിരുന്നല്ലോ. ആ കോമളം പെറ്റു അച്ചായാ. ഇതിലിത്ര അതിശയമെന്തെന്ന് അച്ചായൻ ചിന്തിക്കുന്നുണ്ടാവും. എന്റെ അച്ചായാ, ആ കൊച്ച് അവളുടെ കെട്ടോന്റെ അല്ല നിങ്ങളുടെ കൂട്ടുകാരി രാജമ്മയുടെകെട്ട്യോൻ ദാമോധരന്റെ കൊച്ചാണത്.എന്നാലും എന്റെ അച്ചായാ,നിങ്ങളുടെ കൂട്ടുകാരിയുടെ കെട്ട്യോൻ വേണ്ടിവന്നു എന്റെ കൂട്ടുകാരിക്ക് ഒരു കൊച്ചിനെ കൊടുക്കാൻ….
കാര്യം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. വർഷങ്ങളായി പെറാത്ത കോമളം പെറ്റപ്പോൾ കെട്യോനും,കുടുംബക്കാരും സന്തോഷിച്ചു.കൊച്ച് വളരും തോറും കോമളത്തിന്റെ കെട്ട്യോന്റെ ഒരു ഛായയുമില്ല. കോമളത്തിന്റെ ഉറ്റ കൂട്ടുകാരിയാണല്ലോ പുഷ്പവല്ലി സംശയം
മൂത്തപ്പോൾ പുഷ്പ്പവല്ലി ചോദിച്ചു.
“കോമളേ,സത്യം പറയെടീ… നിന്റെ കൊച്ചിന്റെ തന്ത ആരാ?”
പറഞ്ഞില്ലെങ്കിലും പുഷ്പ്പവല്ലി മനസിലാക്കും എന്ന് കോമളത്തിന് മനസിലായി.
” എടീ പുഷ്പ്പേ..നീ ആരോടും പറയരുത് കേട്ടോ. എന്റെ കൊച്ച് തേങ്ങാക്കാരൻ ദാമോധരൻ ചേട്ടന്റെയാണ് “..
അപ്പോഴാണ് കാര്യങ്ങളുടെ ചുരുളഴിയുന്നത്…കുഞ്ഞിക്കാലുകാണാനുള്ള ആഗ്രഹവും പ്രാർത്ഥനയുമായി കോമളം മിക്കവാറുംദിവസങ്ങളിൽ കൃഷ്ണന്റെ അമ്പലത്തിൽ പോകും.വഴിക്കുവെച്ച് ദാമോധരനെകാണുമ്പോൾ വിശേഷങ്ങൾ പങ്കുവെയ്ക്കുമായിരുന്നു. കോമളത്തിന്റെ സങ്കടം ദാമോധരനും മനസിലായി.
ഒരുദിവസം അമ്പലമുറ്റത്ത് പ്രാർത്ഥിച്ചുകൊണ്ടുനിന്ന കോമളം സാക്ഷാൽ കൃഷ്ണനെ നേരിൽകണ്ടു.അമ്പലമുറ്റത്തെ തെങ്ങിന്റെ മുകളിൽ ഇരുന്ന് തന്നെ നോക്കിച്ചിരിക്കുന്ന കൃഷ്ണൻ. പീലിത്തിരുമുടിയും, കാർവർണ്ണവും,ഓടക്കുഴലുമായി കൃഷ്ണൻഇരിക്കുകയാണ്. ഭക്തിമൂത്തകോമളത്തിന് ദാമോധരനെ കൃഷ്ണനായി തോന്നി.കറുത്തനിറവും,ദാമോധരന്റെ തലയിൽ കെട്ടിയ തോർത്ത് പീലിയായും,വെട്ടുകത്തി ഓടക്കുഴലായും കോമളത്തിന് ദർശനം കിട്ടി.പിന്നെ എപ്പോൾ ദാമോധരനെ കണ്ടാലും കൃഷ്ണനായി കോമളത്തിന് അനുഭവപ്പെട്ടു.അങ്ങനെ ഭഗവാൻ ദാമോദരൻ കോമളത്തിന്റെ വീട്ടിലുമെത്തി ദർശനം നൽകി. മാസം ഒന്നുതികഞ്ഞു. കോമളം ഗർഭം ധരിച്ചു.എല്ലാവരും കോമളത്തിന്റെപ്രാർത്ഥനയും,വഴിപാടുമായികരുതി. പക്ഷേ വഴിപാടല്ല വഴിപിഴച്ചതാണ് കാരണമെന്ന് പുഷ്പ്പവല്ലി തിരിച്ചറിഞ്ഞു. കാര്യം പുഷ്വല്ലിയുംകോമ
ളവും ആത്മാർത്ഥ സുഹൃത്തുക്കളാണ് എങ്കിലും സ്ത്രീസഹജമായ ഗുണം കാണിച്ചില്ലെങ്കിൽ പുഷ്പ്പവല്ലി പെണ്ണാവില്ലല്ലോ. പുഷ്പ്പവല്ലി രഹസ്യമായി കൗസല്യയോടുപറഞ്ഞു. കൗസല്ല്യ ലീലയോട് പറയാത്ത രഹസ്യമുണ്ടോ?
ലീല ഖദീജയോട് പറഞ്ഞു. എന്തിനേറെ പറയുന്നു. നാട്ടിൽ പാട്ടായി. ദാമോധരന്റെ കെട്ട്യോള് രാജമ്മയുടെ ചെവിയിലുമെത്തി പക്ഷേ രാജമ്മ വിശ്വസിച്ചില്ല…
“ദാമുവേട്ടൻ ആ പണിക്ക് പോവൂല.”
രാജമ്മ ഉറപ്പിച്ചു പറഞ്ഞു… വിശ്വാസം അതല്ലേ എല്ലാം…..
അച്ചായാ, റജിമോളും സേവ്യറും രണ്ടുദിവസത്തിനകം വരുമെന്ന് ജോൺസൺ പറഞ്ഞു.ഇന്നലെ സേവ്യറെ കണ്ടത്രേ. കൊച്ചപ്പച്ചി വരുന്നതറിഞ്ഞ് ചെക്കൻ വലിയ സന്തോഷത്തിലാണ്. ചെക്കന്റെ വിചാരം ഇനിയും നിക്കറ് മേടിച്ചോണ്ട്
കൊടുക്കുമെന്നാണ്. ചെക്കന് നാലുനിക്കറും അഞ്ച് ഉടുപ്പുമുണ്ട്.അത് പോരേ അച്ചായാ? എത്രകിട്ടിയാലും ചെക്കന് മതിയാവില്ല. ഇന്നാള് പുരപ്പുറത്ത് ഉണക്കാനിട്ടിരുന്ന അപ്പച്ചന്റെ പാളക്കരയൻ നിക്കർ കണ്ടിട്ട് ചെക്കൻ ചോദിക്കുകയാണ്
“അപ്പാപ്പാ, യീ… നിക്കറ് പുരുസന് തരാവോ” എന്ന്.
” ടാ, നിനക്ക് ചേരില്ല അത് വലിയ നിക്കറല്ലേ?
എന്ന അപ്പച്ചന്റെ ചോദ്യത്തിന് ചെക്കൻ പറഞ്ഞ മറുപടി എന്താന്നോ.
” ചേരും.. വള്ളി കൊണ്ട്
കെട്ടി വെയ്ക്കാല്ലോ അപ്പാപ്പാ…”
ചെക്കനെ പിണക്കാനും പറ്റില്ലല്ലോ.മറ്റൊരെണ്ണം തൈയ്പ്പിച്ചുകൊടുക്കാം എന്ന് അപ്പച്ചൻ ഉറപ്പുപറഞ്ഞു..ഇപ്പോൾ കഴുകിയിട്ടാലും അപ്പച്ചൻ പുരപ്പുറത്തിടാറില്ല. ചെക്കൻ കാണാതെ ഉണക്കിയെടുക്കും. വിശ്വസിക്കാൻ പറ്റില്ല.കൈയിൽ കിട്ടിയാൽ ചെക്കൻ നിക്കറെടുത്തിടും…
അച്ചായാ, എന്തൊക്കയുണ്ട് വിശേഷങ്ങൾ.?സുഖമാണോ?കൈവേദന എങ്ങനെയുണ്ട്?കുറവില്ലെങ്കിൽ അമ്പോറ്റിവൈദ്യനെ കാണിക്കാം.തിരുമ്മ് ശരിയായില്ലെങ്കിൽ പപ്പനാഭൻ ഡോക്ടറില്ലേ ? അങ്ങോട്ടുപോകാം…

No Comment.