2024 | ജനുവരി25| വ്യാഴാഴ്ച|
1199 | മകരം 11|പൂണർതം|


പൊയ്മുഖങ്ങൾ…
കാരുണ്യ പ്രവർത്തന മേഖല വൻ വൃക്ഷമായി ലോകമെങ്ങും വ്യാപിച്ചിരിക്കുന്നു..
വർഷങ്ങളോളം ഈ മേഖലയിൽ ഉണ്ടായിരുന്നവരെ ആരും അറിഞ്ഞിരുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയുടെ വരവോടെ പുതിയ കാരുണ്യപ്രവർത്തകർ രംഗ പ്രവേശനം ചെയ്തു. ചിലർക്ക് പ്രത്യേക ഡ്രസ് കോഡ് വരെയുണ്ട്. എന്നാൽ ചിലക്ക് കുളിക്കാനും നനയ്ക്കാനും സമയമില്ല. ചിരികണ്ടാൽ സ്ഥിരമായി പല്ല് തേയ്ക്കാറുണ്ടോ എന്ന് സംശയം. പക്ഷേ എല്ലാ നന്മമരങ്ങൾക്കും വീഡിയോ ഗ്രാഫർ ഒപ്പമുണ്ട്.മദർ തെരേസ യുടെ പിൻ തലമുറക്കാർ എന്ന് മുദ്ര ചെയ്യപ്പെട്ട ചിലരുടെയെങ്കിലും തനി നിറം കാണാൻ സാധിച്ചിട്ടുണ്ടെങ്കിലും സമൂഹത്തിൽ ഒറ്റപ്പെടും എന്നുള്ളതുകൊണ്ട് പലരും പ്രതികരിക്കാറില്ല.
ഓരോ മനുഷ്യനും സന്ദർഭത്തിന് അനുസരിച്ച് നിറം മാറ്റം സംഭവിക്കുന്നു.പ്രശസ്തിയിലേയ്ക്കുള്ള ചവിട്ടുപടിയായും, സാമ്പത്തിക ലാഭത്തിന് വേണ്ടിയും ജീവകാരുണ്യം മറയാക്കുന്നവർ ഉള്ളപ്പോഴും, ഇന്നലെകളിലെ തന്നെ ഇന്നിലേയ്ക്ക് ഉയർത്തിയ കാരുണ്യവാനോടുള്ള കടപ്പാടിന്റെ പേരിൽ തന്റെ സമ്പാദ്യത്തിന്റെ നിശ്ചിത ഭാഗം കാരുണ്യ പ്രസ്ഥാനങ്ങൾക്ക് സംഭാവന നൽകുന്നവരുമുണ്ട്. എന്നാൽ ഇതൊക്കെ ചെന്നെത്തുന്നത് സാധുക്കൾക്ക് തന്നെയാണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
നന്മമരങ്ങൾ കീശ വീർപ്പിക്കുമ്പോഴും ഒരു വിഹിതം നിദ്ധനരിലേയ്ക്ക് എത്താറുണ്ട് എന്നത് വിസ്മരിക്കാൻ കഴിയില്ല. ഇവരിലൂടെ ജീവിതത്തിലേക്ക് തിരികെ വന്നവർക്ക് കാണപ്പെട്ട ദൈവമാണിവർ….
ജീവകാരുണ്യം ഒരു തൊഴിലായി സ്വീകരിച്ചിരിക്കുകയാണ് പലരും. സ്വന്തമായി മറ്റൊരു ജോലിയില്ല. പക്ഷേ, മെച്ചപ്പെട്ട വീട്, വാഹനം, മറ്റ് ജീവിത സൗകര്യങ്ങൾ, പോരെങ്കിൽ മക്കളുടെ വിദ്യാഭ്യാസം അമേരിക്കയിലും, ലണ്ടനിലും….
എല്ലാത്തിന്റേയുംഉറവിടം ജീവകാരുണ്യ പ്രവർത്തനം തന്നെ.മുൻപ് പൊരിവെയിലത്ത് കൂലിപ്പണി ചെയ്തുകൊണ്ടിരുന്ന വ്യക്തി കാരുണ്യവാനായപ്പോൾ അയാളുടെ വീടിന്റെ കൂറ്റൽ ഗേറ്റിന്റെ മുന്നിൽ സാധുക്കൾ സഹായം യാചിച്ചു നിൽക്കുന്നതും മറ്റൊരു കാഴ്ച.
ഒരു കോടിയോളം വരുന്ന വാഹനത്തിൽ സഞ്ചരിച്ച ചാരിറ്റി പ്രവർത്തകന്റെ വിശദീകരണം. “ഈ വാഹനം മേടിച്ചു തന്നത് വിദേശത്തുള്ള എന്റെ സുഹൃത്തുക്കൾ….”
സ്വാഭാവികമായും ഒരു സംശയം തോന്നാം സഞ്ചരിക്കാൻ ഒരു ജീവകാരുണ്യ പ്രവത്തകന്/വ്യക്തിക്ക് ഒരു കോടിയുടെ വണ്ടി വേണോ? ഇതേ കാർ വീടിന്റെ ഗേറ്റ് കടന്നു പുറത്തേക്ക് പോകുമ്പോഴും, അകത്തേക്ക് വരുമ്പോഴും നിത്യ വൃത്തിക്ക് വേണ്ടിബുദ്ധിമുട്ടുന്നവർ, ആയിരങ്ങൾ ലോൺ കുടിശിക അടയ്ക്കാൻ കഴിയാത്തവർ, ദൈനം ദിനം മെഡിസിൻ വാങ്ങാൻ… സഹായമഭ്യർത്ഥിച്ചു കൊണ്ട് നിൽക്കുന്ന പലരേയും നിരാശപ്പെടുത്തി പറഞ്ഞയക്കുന്നവരുന്നുണ്ട്. എന്നാൽ 25 ലക്ഷം മുതൽ ഹോസ്പിറ്റൽ ചെലവ് വേണ്ടി വരുന്നവർക്ക് സഹായമഭ്യർത്ഥിച്ചു കൊണ്ട് fb യിൽ ലൈവ് ചെയ്യും.പോരെങ്കിൽ ഒരു വിദേശയാത്ര. ആൾക്കാരുടെ വിശ്വാസം പിടിച്ചു പറ്റാൻ രോഗിയുടെ അക്കൌണ്ട് അല്ലെങ്കിൽ ഹോസ്പിറ്റലിന്റെ അക്കൗണ്ട് പ്രദർശിപ്പിക്കും.50 ലക്ഷം കിട്ടിയാൽ ഒരു നിശ്ചിത ശതമാനം ഹോസ്പിറ്റലിനിന്ന് കമ്മീഷൻ കിട്ടും.രോഗിക്ക് നേരിട്ട് കിട്ടിയാൽ 25000 കഴിച്ച് ബാക്കി 25
000 സ്വന്തം.ഈ തുക മറ്റൊരു രോഗിക്ക് വേണ്ടി മാറ്റിവെയ്ക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ക്യാഷ് എത്തുന്നത് പോക്കറ്റിൽ തന്നെയാണ്.
എന്നാൽ പബ്ലിസിറ്റി ആഗ്രഹിക്കാതെയും, സ്വന്തം അധ്വാനത്തിന്റെ ഒരു വിഹിതവും കാരുണ്യ പ്രവർത്തനത്തിനായി നൽകുന്ന, സാധാരണ ജീവകാരുണ്യ പ്രവർത്തകരെ ആരും തിരിച്ചറിയുന്നില്ല.
മറ്റൊന്ന്, സാധുക്കൾക്ക് അന്നം കൊടുക്കാൻ, ഒരു കൈത്താങ്ങാകാൻ സഹായം അഭ്യർത്ഥിക്കുന്ന സത്യസന്ധരായ കാരുണ്യ പ്രവർത്തകർക്ക് /പ്രസ്ഥാനങ്ങൾക്ക്
നേരിടേണ്ടിവരുന്ന മാനസിക സംഘർഷം അനുഭവിച്ചവർക്ക് മാത്രമേ തിരിച്ചറിയാൽ സാധിക്കൂ. ഇത്തരം ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്നവർക്ക്
മാക്സിമം മറ്റൊരാൾ നൽകുന്നസംഭാവന 100 മുതൽ 2000 രൂപ വരെ മാത്രമായിരിക്കും.
ഭിക്ഷ യാചിക്കും പോലെ കണ്ടെത്തിയതും സ്വന്തം അധ്വാനത്തിന്റെ തുകയും ചേർത്ത് ഒരു കുടുംബത്തിന് സഹായം നൽകി കഴിയുമ്പോൾ ഒരു യഥാർത്ഥ ചാരിറ്റി പ്രവർത്തകൻ /പ്രവർത്തക അനുഭവിക്കുന്ന ആത്മ സംതൃപ്തി കപടതയുടെ മുഖം മൂടിക്കുള്ളിൽ ജീവിക്കുന്ന പല നന്മ മരങ്ങൾക്കും അനുഭവിക്കാൻ സാധിക്കില്ല.
സഹജീവിയെ സഹായിക്കുക എന്നത് ജീവരക്തത്തിൽ അലിഞ്ഞു ചേർന്നവർ ചെയ്യുന്നതൊന്നും പുറം ലോകം അറിയാതെ പോകുന്നു. ചാരിറ്റി പ്രശസ്തിക്കോ, പണസമ്പാദനത്തിനോ വേണ്ടിയുള്ളതല്ല. നാം ചെയ്യുന്ന പ്രവർത്തനത്തിൽ ദൈവത്തെ ദർശിക്കാൻ കഴിയണം.പ്രതിഫലം കാലം പല രീതിയിൽ /രൂപത്തിൽ നമുക്ക് നൽകും.നമുക്ക് വേണ്ടി മാത്രമല്ല സമൂഹത്തിന് വേണ്ടിക്കൂടി ജീവിക്കാൻ കഴിയുക എന്നത് എല്ലാപേർക്കും കഴിയാറില്ല. അത്ര എളുപ്പവുമല്ല…

No Comment.