2024 | ജനുവരി26| വെള്ളിയാഴ്ച|
1199 | മകരം 12|പൂയ്യം|


വാർദ്ധക്യമേ വന്നാലും…
വാർദ്ധക്യം വിശ്രമജീവിതം നയിക്കാനുള്ള സമയമാണെന്ന് പലരും പറയാറുണ്ട്. അത് ശരിവയ്ക്കുന്നരീതിയിൽ വിശ്രമിക്കുന്നവരുമുണ്ട്. ചിലരെ മക്കൾ ഉപദേശിക്കും ” ഇത്രയും നാൾ പണിയെടുത്തില്ലേ? ഇനി അച്ഛൻ /അമ്മ വീട്ടിൽ സമാധാനമായിരിക്ക്.”
മക്കളുടെ സ്നേഹത്തോടെയുള്ള ഉപദേശം അതേ പടി അനുസരിച്ച് ജീവിക്കുന്നു 60%.
ഇവർക്ക് എന്താണ് സമാധാനമുള്ള ജീവിതം എന്നു മനസ്സിലാക്കുമ്പോൾ
മക്കളുടെ കുഞ്ഞുങ്ങളെ പരിചരിക്കുക, ഉദ്യോഗസ്ഥരായ മക്കളുടെ /മരുമക്കളുടെ
വീട്ടുജോലികളിൽ സഹായിക്കുക എന്നുള്ളതാണ്.
വീട്ടിൽ ഒരു സെർവെന്റിനെ വെച്ചാൽ പണം നഷ്ടം, അതിലുപരി കുഞ്ഞുങ്ങളെ വിശ്വസിച്ച് ഏൽപ്പിക്കാൻ സാധിക്കില്ല.
വീട്ടിനുള്ളിൽ തളച്ചിടാനുള്ളതാണോ വാർദ്ധക്യം?
ചിലർ സ്വയം പറയാറുണ്ട് “വയസായില്ലേ ഇനി എന്ത് ജീവിതം?”
ജനിച്ചുവീഴുന്ന നിമിഷംമുതൽ പ്രായം /വയസായി തുടങ്ങും. ഓരോ വർഷവും ഒരു വയസ് കൂടുന്നു. കുറച്ചു മുൻപേ ജനിച്ചവർക്ക് നമ്പർ /സംഖ്യ വ്യത്യാസം വരുന്നു. ഇതേ സംഖ്യയിലേയ്ക്ക് പിന്നാലെ വരുന്നവരും എത്തും. പല തരം “ക്യൂ ” ഉണ്ടാകാറുണ്ട്.അവിടെ ഒന്നാം നമ്പർ ഉള്ള വ്യക്തി ആദ്യം പോകുന്നു. ഇവിടെ തിരിച്ചാണെന്ന് മാത്രം. ചിലർ” ക്യൂ ” തെറ്റിക്കാറുണ്ട്/ തെറ്റാറുമുണ്ട്. അത് സ്വഭാവികമായി സംഭവിക്കുന്നു എന്നതൊഴിച്ചാൽ. പ്രായമായി എന്നത് ആരുടേയും കുറ്റമല്ല.
വ്യത്യസ്ത സാഹചര്യത്തിൽ വളർന്ന രണ്ട് വ്യക്തികൾ ഒന്നിക്കുന്നു. കുട്ടികൾ ജനിക്കുന്നു.വിവിധ ജോലികളിലൂടെ വരുമാനം കണ്ടെത്തുന്നു. മക്കൾക്ക് വിദ്യാഭ്യാസം, ജീവിത സൗകര്യം നേടിക്കൊടുക്കുന്നു, ജോലിനേടുന്നു,
വിവാഹം കഴിപ്പിക്കുന്നു, അവർക്കും കുട്ടികൾ ഉണ്ടാകുന്നു. ഇതുവരെ ജീവിച്ചത്തിൽ ഏറിയ പങ്കും, കുടുംബത്തിനുവേണ്ടി… ഇതിനിടയിൽ കടബാധ്യതയുള്ളവരും ഉണ്ടാകാം. ആയുസിന്റെ മുക്കാൽ ഭാഗവും മറ്റുള്ളവർക്കുവേണ്ടി ജീവിച്ച് വാർദ്ധക്യത്തിലെത്തുമ്പോൾ ജീവിതശൈലി രോഗങ്ങൾ, വാർദ്ധക്യസഹജമായ അസുഖങ്ങൾ…. പൊതുവെ
ഉത്സാഹാമില്ലായ്മ പലർക്കുമുണ്ട്. മനസ്സു മടുത്തുതുടങ്ങുമ്പോൾ ജീവിതത്തിന്റെ ദൈർഘ്യവും കുറയുന്നു.
വാർദ്ധക്യം ഒതുങ്ങികൂടേണ്ട കാലമല്ല. ശാരീരികമായ പ്രശ്നങ്ങൾ ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കിനിർത്താൻ മാനസികാരോഗ്യം നഷ്ടപ്പെടുത്താതിരിക്കുന്നതിലൂടെ സാധിക്കും.
സ്വന്തമായി സേവിംഗ്സ് ഉള്ളവർക്ക്, വരുമാനം ഉണ്ടാക്കുന്നവർക്ക് സ്വാതന്ത്യത്തോടെ ജീവിക്കാൻ പറ്റുന്ന അവസ്ഥയാണ് വാർദ്ധക്യം. പക്ഷേ, പലപ്പോഴും സമ്പാദ്യം ഇല്ലാത്തതിന്റെ പേരിലോ, സമ്പാദ്യം മക്കൾ കൈകാര്യം ചെയ്യാനുള്ള അവസരം നൽകിയതുകൊണ്ടോ പലർക്കും പിന്നിലേക്ക് നിൽക്കേണ്ടിവരുന്നു.
വ്യക്തികൾ എത്ര സമ്പന്നരോ / പ്രശസ്തരോ ആയാലും പണപ്പെട്ടിയുടെ താക്കോൽ മറ്റു പലരുടേയും കൈയിലായിരിക്കും. ഒപ്പം മക്കളെ,
പങ്കാളിയെ ഭയവുമാണ്. പട്ടം ആകാശത്ത് പാറി പറക്കുമ്പോഴും ചരട് /നൂൽ
മറ്റാരുടെയോ കൈയിലായിരിക്കും. യാന്ത്രികമായി ജീവിച്ചു തീർക്കുകയാണ് പലരും.
ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ നടക്കാതെപോയ എത്രയോ കാര്യങ്ങൾ വർദ്ധക്യത്തിൽ നടപ്പിലാക്കാൻ സാധിക്കും. പ്രായം ഒന്നിനും തടസമല്ല. സ്വയം നിയന്ത്രണത്തിനപ്പുറം മറ്റാരും അനുവദിച്ചു തരേണ്ടതല്ല വ്യക്തി സ്വാതന്ത്ര്യം. പുറത്തേക്ക് ഇറങ്ങിനടക്കാൻ,
ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ, സുഹൃത്തുക്കളോടൊപ്പം സൗഹൃദം പങ്കിടാൻ, ആരോഗ്യസ്ഥിതി അനുവദിക്കുമെങ്കിൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ, പാടാൻ, ഡാൻസ് ചെയ്യാൻ, അഭിനയിക്കാൻ…. അങ്ങനെ…എന്തിനും സമയം കണ്ടെത്തി ആഹ്ലാദകരമായി മുന്നോട്ടു പോകേണ്ട സമയമാണ് വാർദ്ധക്യം.
പ്രായമേറുമ്പോൾ എത്ര ധൈര്യശാലിയിലും ഭയം ഉണ്ടാകുന്നു. ശരീരികമായ ആരോഗ്യകുറവ്, അപകർഷതാബോധം തുടങ്ങിയവ ഉടലെടുക്കുന്നു.ഈ അവസ്ഥ സമൂഹത്തിൽ നിന്ന് ഉൾവലിയാനോ, ചുറ്റുമുള്ളവരോടുള്ള ദേഷ്യമായോ, ചെറുപ്പക്കാരോടുള്ള അസൂയയായോ ചിലരിൽ കാണാറുണ്ട്.ഇത്തരം മനുഷ്യർ മുഖ്യധാരയിലും സജീവമായി നിൽക്കുന്നുണ്ട്..
പ്രമുഖരുടെ പട്ടികയിൽ ഇടം പിടിച്ചതിന്റെ ഭാഗമായി മസിലുപിടിച്ചു ഹൃദയഭാരം കൂട്ടണോ..?
സങ്കടം വരുമ്പോൾ കരയാനും, സന്തോഷം വന്നാൻ പൊട്ടിച്ചിരിക്കാനും കഴിഞ്ഞാൽ ഒരു പരിധിവരെ ആശ്വാസം കണ്ടെത്താൻ സാധിക്കും.
വാർദ്ധക്യം ഒന്നിന്റേയും അവസാനമല്ല. പലതിന്റേയും തുടക്കമാണ്.സ്വാതന്ത്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് ജീവിതം കളർഫുൾ ആക്കാം…സ്വാഗതം ചെയ്യാം വർദ്ധക്യമേ വന്നാലും….

No Comment.