
തിരിച്ചറിവിന്റെ ബാലപാഠം….
ജനാധിപത്യരാജ്യത്ത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവ് ആകാതെ ജീവിക്കുക സാധ്യമല്ല. “എനിക്ക് രാഷ്ട്രീയമില്ല. നന്മ ചെയ്യുന്നവർക്ക് ഒപ്പമാണ് “എന്ന് പലരും പറഞ്ഞു കേൾക്കുന്നതാണ്.എന്നാൽ അവർക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. മറ്റു ചിലക്ക് “തമ്മിൽ ഭേദം തൊമ്മൻ ” എന്നപോലെയാണ്.
ഏതൊരു വ്യക്തിക്കും നെഗറ്റീവും പോസിറ്റീവുമുണ്ട്. എന്നാൽ ഏതെങ്കിലും വ്യക്തികൾ, പ്രത്യേകിച്ചും പാർട്ടി മെമ്പർഷിപ്പ് ഇല്ലാത്തവർ കക്ഷി രാഷ്രീയം നോക്കാതെ നന്മതിന്മകളെ അനുകൂലിച്ചോ പ്രതികൂലിച്ചോ അഭിപ്രായം പറഞ്ഞാൽ രാഷ്ട്രീയ വൈരികളായി മാറുന്നു.അല്ലെങ്കിൽ മറ്റ് രാഷ്ട്രീയപാർട്ടിയുടെ മുദ്ര പതിച്ചു നൽകുന്നു.പൊതുജനം അഭിപ്രായം പറയാൻ പാടില്ല എന്നാണോ?
ഇതിനിടയിൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവരും, കലക്കി മീൻ പിടിക്കുന്നവരുമുണ്ട്. ഭരണപക്ഷം ഏതാണോ അവരെ അനുകൂലിക്കുക വഴി നേടാനുള്ളത് നേടുകയും ചെയ്യാം. ജനശ്രദ്ധകിട്ടുകയും ചെയ്യും.സംസ്ഥാന തലത്തിൽ സ്വാധീനമുണ്ടോ, കേന്ദ്രത്തിൽ? രണ്ട് ചോദ്യത്തിനും “ഇല്ല” എന്നാണ് മറുപടിയെങ്കിൽ, പിന്നെ ജീവിച്ചിരുന്നിട്ടെന്തുകാര്യം എന്ന രീതിയാണ്..
ജനങ്ങളുടെ മുന്നിൽ കൈകൂപ്പി യാചിച്ചു വാങ്ങിയ സമ്മതം (വോട്ട് ) നേടിക്കഴിഞ്ഞാൽ/വിജയിച്ചാൽ പിന്നെ ജനങ്ങൾ യാചകരാകുന്നു.
രാഷ്ട്രീയത്തിന്റെ അടിത്തട്ട് അല്ലെങ്കിൽ ലോക്കൽ നേതാക്കളുടെ ഭാവം കണ്ടാൽ അവരാണ് ഭരണയന്ത്രം തിരിക്കുന്നത് എന്ന് തോന്നും. സത്യവും അതുതന്നെയാണ് ചാവേറുകളായി മാറാൻ ചിലരുണ്ടെങ്കിൽ മാത്രമേ നേതാക്കന്മാർ ഉണ്ടാകൂ.കസേര ഉറപ്പിച്ചവർ ജനങ്ങളെ നോക്കി വെളുക്കെ ചിരിക്കും. ലക്ഷ്യത്തിൽ എത്താത്തവർ പൊതുജനത്തെ ഭീക്ഷണിയിൽ ഒതുക്കും. ഭീഷണി നേരിട്ടോ, ഫോൺ വഴിയോ, സോഷ്യൽ മീഡിയ വഴിയോ ആവാം. ജനം കൂട്ടത്തിൽ ശബ്ദിക്കും. പക്ഷേ ഒറ്റയ്ക്ക് നേരിടാൻ ധൈര്യം പോര. കാരണം, കൈ, കാല്, തല അല്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകും.
അകാലത്തിൽ ചിറകറ്റുവീഴുന്ന ഇയാംപാറ്റകളാകാൻ ആർക്കാണ് ധൈര്യം.
എല്ലാത്തിനും നേതൃത്വം കൊടുത്ത് നേതാക്കൾ അധികാരത്തിന്റെ സുഖ ശീതളിമയിൽ വിരാജിക്കുമ്പോൾ സാധാരണക്കാരിൽ / ദരിദ്രരിൽ ചിലർ ചാവേറുകളാകുന്നു…. ഇവിടെ നഷ്ടമാകുന്നത് ചിലരുടെ സ്വപ്‌നങ്ങളാണ്..
അമ്മയുടെ, ഭാര്യയുടെ, കുഞ്ഞുങ്ങളുടെ…..കണ്ണുനീരിൽ.. മോക്ഷം കിട്ടാതെ അലയുന്ന ചാവേറുകൾ…
അപ്പോഴും “കാലം ” അതിന്റെ പ്രയാണം തുടർന്നുകൊണ്ടിരിക്കും….

No Comment.