2024 | ജനുവരി27|ശനി|
1199 | മകരം 13|ആയില്യം|


താളം തെറ്റുന്ന കുടുംബബഡ്ജക്റ്റ്…..
ഓരോ കുടുംബത്തിന്റേയും സാമ്പത്തിക സ്രോതസ് പലവിധം. സാധാരണക്കാർക്ക് കടമില്ലാതെ ജീവിക്കാൻ പൊതുവെ കഴിയാറില്ല. ലോൺ നൽകാൻ ബാങ്കുകൾ കസ്റ്റമറെ സമീപിക്കുന്ന രീതിയാണിപ്പോൾ. ലോൺ എടുക്കേണ്ട അത്യാവശ്യം ഇല്ലെങ്കിലും ഇങ്ങോട്ട് വന്ന ഓഫർ സ്വീകരിക്കാൻ കാരണങ്ങൾ കണ്ടെത്തുന്നവരാണ് സാധാരണക്കാരായ മലയാളികൾ.
ലക്ഷങ്ങൾ വായ്പ്പയായി നൽകാൻ ബാങ്കുകൾ മത്സരിക്കുമ്പോൾ ഡ്രൈവിംഗ് അറിയാത്തവനും കാർ വാങ്ങും. അയൽവക്കക്കാരന്റെ വീട്ടിനേക്കാൾ മികച്ചത് തന്റെ വീടായിരിക്കണം എന്ന വളരെ നാളായുള്ള ആഗ്രഹം പൊടി തട്ടി പുറത്തുവരും. അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി കടം വാങ്ങി ആഡംബരജീവിതം നയിക്കാൻ മിഡിൽ ക്ലാസ്സ് ഫാമിലി തയാറാകുമ്പോൾ കുടുംബത്തിന്റെ അടിത്തറ ഇളകിതുടങ്ങും.
ഒരേ സംഖ്യ ശമ്പളമുള്ള മൂന്നോ നാലോ വ്യക്തികളെ നിരീക്ഷിച്ചാൽ മനസിലാക്കാം. ഇവരുടെ വരവുചെലവുകളുടെ ഏറ്റക്കുറച്ചിൽ പൊതുവെ ഉണ്ടാകാറുണ്ടെങ്കിലും. ഇവരിൽ ഒന്നോ രണ്ടോ വ്യക്തികൾ കടം ചോദിച്ചു തുടങ്ങിയാൽ മനസിലാക്കാം അനാവശ്യ ചിലവുകൾ കാരണം ഉണ്ടാകുന്ന സാമ്പത്തിക ഞരുക്കമാണെന്ന്…
നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ സൂപ്പർ മാർക്കറ്റിനെ സമീപിച്ചാൽ ആകർഷകമായ പരസ്യങ്ങൾ കാണാൻ സാധിക്കും. “വരുന്ന പത്ത് ദിവസം വരെ വിലക്കിഴിവ്, ഒന്നെടുത്താൽ മറ്റൊന്ന് ഫ്രീ….”
ഇതിനെല്ലാം പുറമെ സെയിൽസ്മാൻ /ഗേൾ -ന്റെ പ്രലോഭനം വേറെയും.
കൈയിൽ ഉണ്ടായിരുന്നതും തീർന്നു. ക്രഡിറ്റ് കാർഡും ഉപയോഗിച്ചു. എന്നിട്ടുംപല സാധനങ്ങളും “എന്നെ കൂടി കൊണ്ടു പോകൂ” എന്ന മട്ടിൽ നമ്മെ പ്രതീക്ഷയോടെ നോക്കുന്നത് കാണുമ്പോൾ. കടയുടമ സ്നേഹത്തോടെ പറയും. “ആവശ്യമുള്ളത് എടുക്കാം. അടുത്ത മാസം വരുമ്പോൾ പേ ചെയ്താൽ മതി.”കേൾക്കാൻ കാത്തിരുന്നതുപോലെ തുക റൗണ്ട് ചെയ്ത്, വീട്ടിലേക്കുള്ള മടക്കയാത്രയിൽ പലരും ചിന്തിക്കുന്നത് “സാധനങ്ങൾ പലതും വേണ്ടിയിരുന്നില്ല” എന്നാവും. കണ്ണഞ്ചിപ്പിക്കുന്ന വർണ്ണ പ്രപഞ്ചത്തിൽ നിന്ന് സാധാരണ നിലയിലേയ്ക്ക് വന്നപ്പോൾ തോന്നിയ വീണ്ടുവിചാരമാണ്. ജീവിതത്തിൽ ഉടനീളം സംഭവിക്കുന്നതും ഇതുതന്നെയാണ്…
അത്യാവശ്യം,ആവശ്യം, അനാവശ്യം….
ആദ്യത്തേത് രണ്ടും ഒഴിവാക്കാനാവില്ല. അവിടെയും നിയന്ത്രണം ആവശ്യമാണ്.
പലപ്പോഴും നാം വാങ്ങി സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങൾ, വസ്ത്രങ്ങൾ…വിലകൂടിയ ഫർണ്ണീച്ചറുകൾ തുടങ്ങി വാങ്ങി കൂട്ടിയ സാധനങ്ങൾ ഭദ്രമായി വീട്ടിലിരിപ്പുണ്ട്. ഇതിൽ നിന്ന് പലതും നമ്മൾ ഉപയോഗിക്കാറില്ല. വിലകൂടിയ ഉത്തരം വസ്തുക്കൾ അതിഥിസൽക്കാരത്തിന് മാറ്റിവെച്ചിരിക്കുകയാണ്. മരണം വരെ അത് തുടച്ചുവൃത്തിയാക്കാൻ മാത്രമേ നമുക്ക് കഴിയൂ….
ജീവിതത്തിൽ ആവശ്യമുള്ളതും, ഒഴിവാക്കാൻ കഴിയാത്തതുമായ കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി വരവ് ചെലവ് നിയന്ത്രിച്ചില്ലെങ്കിൽ ഏറെ മാനസിക സംഘർഷങ്ങൾ അനുഭവിക്കേണ്ടിവരും….

No Comment.