.2024 | മാർച്ച്-04|തിങ്കളാഴ്ച..|
1199 | കുംഭമാസം20|തൃക്കേട്ട|

വിദ്യാർത്ഥിരാഷ്ട്രീയം..
ഇപ്പോഴത്തെ സാഹചര്യത്തിൽ ചിന്തിച്ചുപോകുന്ന സംശയമാണിത്. വിദ്യാർത്ഥി രാഷ്ട്രീയം അനിവാര്യമോ? കാരണം വിദ്യാലയങ്ങളിൽ/കലാലയങ്ങളിൽ നടക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളും, വെല്ലുവിളികളും, അക്രമങ്ങളും തുടർന്ന് കൊലപാതകങ്ങൾക്കുവരെ വഴിയൊരുക്കുന്ന അവസ്ഥ അത്രമേൽ രൂക്ഷമായിക്കൊണ്ടിരിക്കുന്നു.
ഇപ്പോൾ സ്കൂളുകളിലും കോളേജുകളിലും കുട്ടികൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടങ്ങൾ…
നിസാരകാര്യങ്ങളെച്ചൊല്ലിയുള്ള വാക്കുതർക്കങ്ങൾ ചെറിയ വഴക്കിൽ തുടങ്ങി വലിയ കലാപങ്ങളിലേക്ക് എത്തുവാൻ വഴിയൊരുക്കുന്നത്.
വിദ്യാലയങ്ങളിൽ രാഷ്ട്രീയം ആവശ്യമാണ്.അത് തമ്മിൽ തല്ലാനോ, വെല്ലുവിളിക്കാനോ,അക്രമങ്ങൾക്കൊ വേണ്ടിയല്ല. കുട്ടികളുടെ അവകാശങ്ങൾ/ ആവശ്യങ്ങൾ സംരക്ഷിക്കുന്നതിനും, നേടിയെടുക്കുന്നതിനും വേണ്ടിയായിരിക്കണം.
സ്കൂൾ രാഷ്ട്രീയത്തിനുപോലും രാഷ്ട്രീയ കക്ഷികളുടെ പിൻബലമുണ്ട് സ്കൂൾ, കോളേജ് രാഷ്ട്രീയത്തിലൂടെ വളർന്നാണ് പിന്നീട് മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്ക് ചിലർ എത്തപ്പെടുന്നതും. വിദ്യാർത്ഥി രാഷ്ട്രീയം ശരിക്കും അതിനുള്ള ഒരു ചുവടുവയ്‌പ്പാണ്.
പക്ഷേ… സ്കൂൾ, കോളേജ് തലങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് അന്ധമായ രാഷ്ട്രീയം അപകടമാണ്.അത് അവരുടെ പഠനത്തേയും, ജീവിതത്തേയും,വിദ്യാർത്ഥികളുടെ ഭാവിയേയും ബാധിക്കും.
ഗവണ്മെന്റ് കോളേജുകളിൽ പഠിക്കുവാനെത്തുന്ന കുട്ടികളിൽ ഏതാണ്ട് എൺപതു ശതമാനവും സാധാരണ കുടുംബങ്ങളിൽനിന്നും എത്തുന്ന കുട്ടികളാണ്.
മാതാപിതാക്കൾ വളരെ കഷ്ടപ്പെട്ട് വളർത്തുന്ന കുട്ടികൾ. മക്കളുടെ ഭാവി സ്വപ്നം കണ്ടു ജീവിക്കുന്നവർ.
സ്കൂൾ കോളേജ് സമരങ്ങളിലും പ്രക്ഷോഭങ്ങളിലും ഇടപെടുന്നത് കൂടുതലും സാധാരണക്കാരന്റെ മക്കളാണ്. അത് ഏതു വിദ്യാർത്ഥി രാഷ്ട്രീയത്തിൽപ്പെട്ടതായാലും ഇതുതന്നെയാണ് അവസ്ഥ. ഇവിടെ പരസ്പരം പോരടിച്ച് അപകടം പറ്റുകയോ, മരണപ്പെടുകയോ ചെയ്യുന്ന വിദ്യാർത്ഥികൾ ഏതു രാഷ്ട്രീയ അനുഭാവി യായാലും നഷ്ടം അവരുടെ കുടുബത്തിനു മാത്രമാണ്. മാതാപിതാക്കളുടെ പ്രതീക്ഷകളാണ് തകരുന്നത്. പലപ്പോഴും ഇത്തരം മരണങ്ങൾ രാഷ്ട്രീയക്കാർ മുതലെടുപ്പ് നടത്തുന്നതും കാണാം.
വിദ്യാർത്ഥി രാഷ്ട്രീയം അവരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയാകണം. പുറത്തുനിന്നുമുള്ള രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുവാൻ അനുവദിക്കരുത്. ഇത്തരം വിഷയത്തിൽ കോടതിയുടെ ഇടപെടൽ അനിവാര്യമാണ്.
“വിദ്യാർത്ഥി ഐക്യം “എന്ന വാക്കിന് ശക്തിയും അർത്ഥവും ഉണ്ടാകണമെങ്കിൽ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിൽ വിശ്വസിച്ചാലും കുട്ടികൾ തങ്ങളുടെ ആവശ്യത്തിന് ഒരുമിച്ചുനിൽക്കുകയും വിദ്യാഭ്യാസത്തിന് ഉപകരിക്കുന്നരീതിയിൽ പ്രയോജനപ്പെടുത്തണം.. വീടിനും നാടിനും മാതൃകയാകേണ്ട നാളത്തെ പൗരന്മാരെ വാർത്തെടുക്കേണ്ട അറിവിന്റെ സിരാകേന്ദ്രമാണ് വിദ്യാലയം….

No Comment.