
എന്താണ് സൗന്ദര്യം….?
മനുഷ്യ ശരീരത്തിന് വളരെ അധികം പ്രാധാന്യം കൊടുക്കണം. മാനസികാരോഗ്യം മാത്രം പോര ശരീരത്തിന്റെ ആരോഗ്യവും ഒരു പ്രധാന ഘടകമാണ്.എന്നാൽ മാനസികാരോഗ്യമുണ്ടെങ്കിൽ ശാരീരിക വെല്ലുവിളികളെ ഒരു പരിധിവരെ നേരിടാം. ഒരു വ്യക്തിയുടെ വിജയവും പരാജയവും മനസാണ്. അതിൽ നിന്ന് ഉരുതിരിഞ്ഞു വരുന്ന ചിന്തകൾ തീരുമാനങ്ങളായി പരിണമിക്കുമ്പോൾ, ആ തീരുമാനം ശരിയായ ദിശയിൽ കൊണ്ടുപോകാൻ സാധിച്ചാൽ വിജയിക്കാനുള്ള സാധ്യത ഏറെയാണ്. ശരീരം ചലിപ്പിക്കാൻ കഴിയാത്തവർ ( ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ ) പോലും ബുദ്ധികൊണ്ട് നേട്ടങ്ങൾ സ്വന്തമാക്കുന്നു.
മനുഷ്യരിൽ ഭൂരിഭാഗം പേരും ബാഹ്യ സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നവരാണ്. പക്ഷേ ആന്തരികാവയവങ്ങളെ സംരക്ഷിക്കാറില്ല. ആരോഗ്യം നിലനിർത്തുക അല്ലെങ്കിൽ രോഗം ഇല്ലാത്ത അവസ്ഥയിൽ പലർക്കും ജീവിക്കാൻ കഴിയാറില്ല. വിലകൂടിയ വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധകഉത്പന്നങ്ങൾ മേനിയെ സുന്ദരമാകുന്നു. ഒപ്പം മുന്തിയ ഇനം ഭക്ഷണം ഓഡർ ചെയ്ത് ഭക്ഷിക്കുന്നു. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേയ്ക്ക് മാറിയപ്പോൾ ആരോഗ്യം എന്നാൽ പുറം മോടിമാത്രമായി. “ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം “എന്നത്😄 അനുഭവത്തിൽ കണ്ടു തുടങ്ങി. ഇന്നലെ നമ്മളോട് സംസാരിച്ച സ്മാർട്ടായി തോന്നിയ സുന്ദരി /സുന്ദരൻ ഇന്ന് പടമായി ഭിത്തിയിൽ തൂങ്ങുന്നു. ചിത്രത്തിലെ പുഞ്ചിരിച്ച സുന്ദരരൂപം കണ്ട് നെടുവീർപ്പിടാൻ മാത്രമേ പലർക്കും കഴിയൂ.
ഇങ്ങനെ എത്രയോ “വീണ പൂവുകൾ…”
പുറം മോടി മാത്രമാണോ മനുഷ്യൻ…?
ഭൂമിയിലെ / പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിക്കും അതിന്റേതായ പ്രാധാന്യമുണ്ട് /ധർമ്മമുണ്ട്. അവർക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശവുമുണ്ട്. മനുഷ്യൻ എല്ലായിടത്തും ആധിപത്യമനോഭാവം വെച്ചു പുലർത്തുന്നു. അതുകൊണ്ട് മറ്റ് ജീവജാലങ്ങൾക്ക്… ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ചൂഷണം ചെയ്യപ്പെടുന്നു.
പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിക്കും അതിന്റേതായ സൗന്ദര്യമുണ്ട്. മനുഷ്യന് ഏറെ ഉപകാരപ്പെടുന്ന ഒരു പക്ഷിയാണ് “കാക്ക ” സമയം പറയുമ്പോൾ ഇപ്പോഴും പലരും പറയാറുണ്ട് “നേരം പുലർന്നു തുടങ്ങി. കാക്കകൾ കരയുന്നല്ലോ എന്ന് “ഇരുട്ടുമ്പോൾ കൂട്ടിലേയ്ക്കും, പുലരുമ്പോൾ കൂട്ടമായി കരഞ്ഞുകൊണ്ട് സമയം അറിയിക്കുന്ന ഘടികാരമായിരുന്നു ഒരു കാലത്ത് കാക്കകൾ… ഇന്നും മുടക്കം വരുത്തുന്നില്ല. വീടും പരിസരവും മാലിന്യവിമുക്തമാക്കുന്ന സാധു ജീവിയാണ് കാക്ക. ഹിന്ദുവിശ്വാസങ്ങളിൽ / ആചാരാനുഷ്ഠാനങ്ങളിൽകാക്ക ഒരു പ്രധാന പക്ഷിയാണ്. എന്നിട്ടും കാക്കയുടെ നിറവും, രൂപവും അതിനെ ഉൾക്കൊള്ളാൻ മനുഷ്യന് കഴിഞ്ഞില്ലെങ്കിൽ അത് വികലമായ മനസാണ്. കാക്കയെ പോലെ കറുത്തിരുന്നാലും കൊക്കിനെ പോലെ വെളുത്തൊരു മനസ്സുണ്ടെങ്കിൽ….
തിരിച്ചായാൽ ജീവിതം എങ്ങനെ മുന്നോട്ടു പോകും..?
സൗന്ദര്യത്തിന്റെ അളവുകോൽ ബാഹ്യ സൗന്ദര്യത്തിലല്ല. പുറം മോടിയിൽ ഭ്രമം തോന്നുന്നത് താൽക്കാലികം മാത്രമാണ്. ജീവിതത്തിൽ/കരിയറിൽ വിജയിച്ച മഹാ വ്യക്തിത്വങ്ങൾ ഭൂരിഭാഗവും കറുത്തവരും, ബാഹ്യ സൗന്ദര്യം ഇല്ലാത്തവരുമായിരുന്നു….
എന്തിനേറെ പറയുന്നു. ഗോപികമാരുടെ മനം കവർന്ന കൃഷ്ണനും നിറത്തിൽ കറുപ്പല്ലേ…?

No Comment.