
തീരുമാനങ്ങൾ അതാണ് എല്ലാം..
ഏതൊരുവ്യക്തിയുടേയുംവിജയത്തിന്റേയും, പരാജയത്തിന്റേയും കാരണം തീരുമാനമെടുക്കുന്നതിനെ ആശ്രയിച്ചിരിക്കും.
ഒരുദിവസം തുടങ്ങുന്നതുതന്നെ തീരുമാനം എടുത്തുകൊണ്ടാണ്. എഴുന്നേൽക്കുന്നത് മുതൽ എപ്പോൾ ഉറങ്ങാൻ കിടക്കണം എന്നതുവരെ സന്ദർഭത്തിന് അനുസരിച്ച് എടുക്കുന്ന തീരുമാനങ്ങളാണ്. അതിൽ ദൈനം ദിനകാര്യങ്ങൾ മുതൽ ഭാവിയിലെ തീരുമാനങ്ങൾ വരെ ഉൾപ്പെടാം. ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ ആലോചിച്ച് ഉറപ്പിക്കുന്നതാണ് നല്ലത്. പെട്ടെന്നെടുക്കുന്ന തീരുമാനങ്ങൾ ശരിയായരീതിയിൽ ആയിരിക്കണമെന്നില്ല. എന്നാൽ പലവട്ടം ചിന്തിച്ച് എടുക്കുന്ന തീരുമാനങ്ങളും വിജയത്തിൽ എത്തണമെന്നില്ല. പക്ഷേ, ഏത് കാര്യം തീരുമാനിക്കുമ്പോഴും വിജയിക്കുവാനുള്ള വഴികൾ മുന്നിൽ കാണുകയും. കഠിനമായി പ്രയത്നിക്കുകയും വേണം. അല്ലാതെ നല്ല തീരുമാനം എടുത്തു.ഇനി കിടന്ന് ഉറങ്ങാം എന്നുകരുതിയാൽ പരാജയം ഉറപ്പാണ്. എടുക്കുന്ന തീരുമാനം എന്താണോ അതിനനുസരിച്ച് നടപ്പിലാക്കാൻ ശ്രമിക്കുകയും വേണം. എന്നാൽ തീരുമാനം ശരിയായ രീതിയിൽ അല്ലെങ്കിൽ എത്ര പ്രവർത്തിച്ചാലും പരാജയപ്പെടുകയും ചെയ്യും.
ഏതൊരു വ്യക്തിയുടേയും വിജയപരാജയങ്ങൾക്ക് തീരുമാനം എന്നതിന് നിർണ്ണായക പങ്കുണ്ട്. കഴിവതും സ്വന്തമായി ചിന്തിച്ച് തീരുമാനിക്കുക. അഭിപ്രായം ഏറ്റവും പ്രിയപ്പെട്ടവരോട് ചോദിക്കാം. പക്ഷേ, മറ്റുള്ളവർ കീ കൊടുക്കുന്ന പാവയാകാതിരിക്കാൻ ശ്രദ്ധിക്കുക.
ഉറച്ച തീരുമാനങ്ങൾ എടുക്കാനും, അത് നടപ്പിലാക്കാനും വളരെ കുറച്ചുപേർക്കേ കഴിയൂ.
തീരുമാനവും, പെരുമാറ്റവും ശരിയായ ദിശയിലേയ്ക്ക് കൊണ്ടുപോകാൻ സാധിച്ചാൽ വേറിട്ട വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന അപൂർവം വ്യക്തികളിൽ ഒരാളാകാം. എങ്ങനെ ജീവിച്ചു എന്നതിനേക്കാൾ ഉപരി എങ്ങനെ ജീവിക്കുന്നു എന്നതിനാണ് പ്രാധാന്യം.

No Comment.