
ഏറ്റവും വിലകൂടിയ വസ്തുക്കൾ നാം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യും.പലപ്പോഴും ദൈനം ദിനം ഉപയോഗത്തിൽ ഉൾപ്പെടുത്താതെ സൂക്ഷിച്ചു വെയ്ക്കുന്നവയുമുണ്ട്. ഇത്തരം വസ്തുക്കൾ ഒരു മനുഷ്യായുസിൽ എണ്ണപ്പെട്ട ദിവസങ്ങൾ മാത്രം നാം ഉപയോഗിച്ചവയും, ഉപയോഗിക്കാതെ അലങ്കാരമായി മാറ്റിവെച്ചവയിൽ ഒരിക്കൽപോലും ഉപയോഗിക്കാത്തവയും ഉണ്ടാവാം. അതിൽ ഒന്നാണ് “വസ്ത്രങ്ങൾ “.
ഏറ്റവും വിലകൂടിയ വസ്ത്രങ്ങൾ പലപ്പോഴും ഒന്നോ, രണ്ടോ പ്രാവശ്യം മാത്രം ഉപയോഗിക്കുന്നു.അതും മറ്റുള്ളവരുടെ മുന്നിൽ ഗമ കാണിക്കാൻ കിട്ടുന്ന അവസരങ്ങളിൽ മാത്രം.
അല്ലാത്ത സമയങ്ങളിൽ വിലകുറഞ്ഞതും, മങ്ങിയതും മാത്രം…
ചിലരെങ്കിലും ഇതൊക്കെ ആർഭാടമാണെന്നുകരുതി പലതും ജീവിതത്തിൽ നിന്ന് തന്നെ ഒഴിവാക്കും.
സമ്പാദിച്ചതും, കൂട്ടിവെച്ചതും ഭദ്രമായി ബാങ്കുകളിൽ /ബിസ്നസിൽ നിക്ഷേപിക്കും. ഇതൊക്കെ കൈകാര്യം ചെയ്യാൻ /ധൂർത്തടിക്കാൻ അടുത്ത തലമുറയുണ്ടാവും. സ്വയം ജീവിക്കേണ്ട ഏറ്റവും മനോഹരമായ സമയം ഏറ്റവും അടുത്തബന്ധുക്കളെ സന്തോഷിപ്പിക്കാനുള്ള നെട്ടോട്ടമായിരിക്കും…
അവസാനം ഒരു കിടപ്പാണ്. സ്വയം തിരിച്ചറിയാൻ കഴിയില്ല. ആസ്വദിക്കാനോ / സന്തോഷിക്കാനോ കഴിയില്ല. നല്ലൊരു തേച്ചുകുളി, ഏറ്റവും പുതിയ വസ്ത്രം. ഏത് പിശുക്കനും അന്ന് ആർഭാടമായിരിക്കും…
അന്ന് ഇരുട്ടി വെളുക്കുമ്പോൾ വീട്ടുകാർ സാധാരണ നിലയിലേയ്ക്ക് മാറാൻ തയാറെടുക്കും. ഭാര്യ / ഭർത്താവ്, മക്കൾ ഭക്ഷണം കഴിക്കും, വരുന്നവരോട് വിശേഷങ്ങൾ പങ്കുവെയ്ക്കും. വരാൻ പോകുന്ന മരണാനന്തരചടങ്ങുകൾ ആഘോഷമാക്കാനുള്ള ചർച്ച തുടങ്ങും.
ഇന്നലെ വരെ ചേർന്നിരുന്ന വ്യക്തികൾ പലരും ആഘോഷത്തിന്റെ പങ്ക് പറ്റി പിരിയുമ്പോൾ. ഏറ്റവും വേണ്ടപ്പെട്ടവർക്ക് പോലും നാം അടഞ്ഞ അധ്യായമായി മാറുന്നു…
ചിന്തിക്കൂ… ഈ കൊച്ചു ജീവിതം നാം എന്തിന് ജീവിക്കാതെ പോകണം…?
മറ്റുള്ളവർക്ക് വേണ്ടിയല്ല. നാം നമുക്കായി ജീവിക്കുക. ചുറ്റുമുള്ളവർക്ക് കൂടി പ്രയോജനം ചെയ്യുന്ന രീതിയിൽ ജീവിക്കുക. അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാതെ കടന്നുപോകരുത്..

No Comment.