Skip to content

chithrodayamflashnews.com

May 6, 2026 11:02 pm

അച്ചായന്റെ സ്വന്തം ശ്രീദേവി (ഭാഗം : മൂന്ന്)

പ്രിയപ്പെട്ട അച്ചായന് ,

ഇന്ന് റജിമോളുടെ ചെറുക്കനുംകൂട്ടരുംവരുന്നുണ്ട്.വൈകിട്ട് മൂന്ന് മണിക്ക് വരാനാ അപ്പച്ചൻ അവരോടുപ റഞ്ഞിരിക്കുന്നത്. അമ്മച്ചിയമ്മ പുട്ടിന് മാവ് കുഴയ്ക്കുന്നു. പുട്ടുംകടലക്കറിയുംകൊടുക്കാമെന്ന് അമ്മച്ചിയമ്മ തീരുമാനിച്ചു. അപ്പച്ചൻ കുറച്ച് പുഴമീൻ കൊണ്ട് വന്നിട്ടുണ്ട്. നമ്മുടെ വറീതിന്റെ കൊച്ചുമോൻ “അപ്പാച്ചി ചൂണ്ടയിട്ട് പിടിച്ചമീനാ.കപ്പ പുഴുങ്ങിയതും,മീൻകറിയും കൂടി കൊടുക്കണമെന്ന് അപ്പച്ചന് നിർബന്ധം.
ഇന്നലെ ലീലയുടെ വീട്ടീന്ന് നല്ല വരിക്കച്ചക്ക കൊണ്ടുവന്നു.അതിന്റെ ചുളകൾ എടുത്ത് വെച്ചിട്ടുണ്ട്.കല്യാണംഉറപ്പിച്ചുകഴിഞ്ഞാൽ മധുരം കൊടുക്കണമല്ലോ.നല്ല തേൻ വരിക്കയാ.

പിന്നെ,അച്ചായാ,ഇന്നലെ രാത്രി മമ്മദ് കാക്കാന്റെ കടയിൽ കള്ളൻകേറി.പാവം കാക്ക ഭയങ്കര വിഷമത്തിലാ.കടയിൽ ഉണ്ടായിരുന്ന എല്ലാസാധനങ്ങളും മോഷണംപോയി.വടക്കുനിന്ന് വന്ന കള്ളൻമ്മാരാണ് മോട്ടിച്ചത് എന്ന് കോവാലൻകണിയാര് പ്രശ്നത്തിൽ കണ്ടുവത്രെ. മമ്മദിന്റെ കുഞ്ഞുമ്മയുടെ മോള് കോങ്കണ്ണിപാത്തു തോട്ടിൽ കുളിക്കാൻ വന്നപ്പഴാ വിശദമായിപറഞ്ഞത് മമ്മദ്കാക്കാന്റെ മുട്ടയും, കുലയും, കരിപ്പേട്ടിയും,അരിയുണ്ടയും എന്നുവേണ്ട പീടികേടെ നിരവ് പലകവരെ കള്ളൻമാർകൊണ്ടുപോയി.

അച്ചായാ, കുഞ്ഞമ്മയും, കെട്ട്യോനും,കുഞ്ഞും വന്നിട്ടുണ്ട്.”പുരുഷന്റെ പേര് അവൾക്കത്ര ഇഷ്ടമായില്ല. അവൾക്ക് “കുഞ്ഞമ്മ “എന്ന് പേരിട്ടത് അമ്മച്ചിയമ്മയാണെന്നും, ആ പേര് അവൾക്ക് പിടിച്ചില്ലെന്നും, അതുപോലെയായി കുഞ്ഞിന്റെ “പുരുഷൻ” എന്ന പേരെന്നും, പള്ളിക്കൂടത്തിൽ ചേർക്കുമ്പോൾ വേറെ പേരുവേണം കൊച്ചിനിടാനെന്നും അവൾ അമ്മച്ചിയമ്മയോട് പറഞ്ഞു.എന്റെ അച്ചായാ, കുഞ്ഞമ്മയുടെ മുന്നിൽ അമ്മച്ചിയമ്മ മറുത്ത് ഒന്നും മിണ്ടിയതേയില്ല .അമ്മച്ചിയമ്മയെ വരെ നിലയ്ക്ക് നിർത്തുന്ന അവൾ “കുഞ്ഞമ്മയല്ല “അച്ചായാ
“വലിയമ്മ’യാണ്. “വലിയമ്മ.

രണ്ടുദിവസം മുൻപ് രാത്രി അച്ചായന്റെ കൂട്ടുകാരി സരസൂന്റെ വീട്ടീന്ന് ആരോ നിലവിളിക്കുന്നത് കേട്ടു. നാട്ടിൽ കള്ളന്മാരുടെ ശല്യമാണല്ലോ.സരസുമൂന്നാമതും പെറ്റ് കിടക്കുവല്ലേ എന്താ പറ്റിയതെന്ന് ഒരുപിടിയുമില്ല. തടിയുംവടിയുമായി എല്ലാരും ഓടികൂടിയപ്പോഴാണ് മനസിലായത്.അവളുടെ ‘അമ്മ ഗോമതിയാനിലവിളിക്കുന്നത് .അവരുടെ മുട്ടയിടുന്നകോഴിയെ “പാക്കാൻ “പിടിച്ചു.മൊത്തം അഞ്ചുകോഴിയാ.(അവളുടെഅപ്പനും കോഴിയാണെന്ന് നാട്ടുകാര് പറയുന്നുണ്ട് എന്നാലും ഇതിൽ പെടില്ല)അതിലൊന്നിനെയാ പാക്കാൻ കൊണ്ട് പോയത്.പോയപോലെ
എല്ലാവരും തിരികെ വീടുകളിൽ പോയി. ലീലമാത്രം ഗോമതിയെ ആശ്വസിപ്പിക്കാൻ നിന്നു.പിറ്റേന്ന് വീട്ടിലെത്തിയപ്പോൾ ലീലയെ കെട്ടിയോൻ പാക്കരൻ വീട്ടിൽ കേറ്റിയില്ല.പിന്നെ അമ്മച്ചിയമ്മ ചെന്നാ ഒത്തുതീർപ്പിലാക്കിയത്. നാട്ടിലിപ്പോ പെറ്റുകിടപ്പിന്റെ കാലമാണെന്ന് തോന്നുന്നു. ലീലയുടെമോള് പെറ്റു കഴിഞ്ഞപ്പോ സരസുപെറ്റു. ഇപ്പോൾ രാജമ്മയും പെറാൻ
നിൽക്കുന്നു.എന്റെ “പെറ്റുകിടപ്പുകുപ്പായം” ഇനി രാജമ്മയുടെ വീട്ടിലേയ്ക്ക്…
അടുത്തപ്രസവത്തിന് എനിക്കത് തിരിച്ചുകിട്ടുമോ എന്തോ.കിട്ടിയാലും പാല് കൊടുക്കാൻ കുപ്പായംപൊക്കേണ്ടി വരില്ല കുപ്പായത്തിന്റെ ഓട്ട വഴി കൊടുക്കാം.

അച്ചായാ, ഇനി നമ്മുടെ മോൻ പുരുഷനെ കുറിച്ച് അറിയണ്ടേ.അവൻ നല്ല മിടുക്കനായി കേട്ടോ.അപ്പുറത്തെ വീട്ടിലെ ഭവാനിയുടെ അനിയത്തി രാധാമണിയുടെ പാലുകുടിക്കാൻ നോക്കി. അവള് ഇവനെ മിക്കപ്പോഴും എടുത്ത് കളിപ്പിക്കും.ചെക്കൻ ആരെടുത്തലും അമ്മിഞ്ഞഉണ്ടോഎന്ന് നോക്കും അമ്മിഞ്ഞ ഇല്ലാത്തവരെ കണ്ടാൽ മുഖംതിരിക്കും.പലദിവസമായപ്പോൾ രാധാമണി പുരുഷനെ നുള്ളിക്കൊടുത്തു. പിന്നീടാ എനിക്ക് മനസിലായത് “രാധാമണി” എന്ന പേരാണ് ചെക്കനെ വേണ്ടാത്തകാര്യത്തിന് പ്രേരിപ്പിച്ചതെന്ന്.എന്റെ അച്ചായാ ചെക്കനീ പണി കാണിച്ചാൽ നല്ല തല്ലുകൊടുക്കും കേട്ടോ ആളുകള്.
ആറ് മാസമായില്ലേ കുറച്ചൊക്കെ തിരിച്ചറിവ് വേണ്ടേ?

സമയം രണ്ടുമണി കഴിഞ്ഞു മൂന്ന് മണിക്കല്ലേ ചെറുക്കൻ കൂട്ടര് വരുന്നത്. അപ്പച്ചനും അമ്മച്ചിയമ്മയും എന്തൊക്കെയൊ കൂടിയാലോചന നടത്തുന്നു.അടുക്കളയിൽ നിന്ന് നല്ല മീൻ കറിയുടെ മണം വരുന്നുണ്ട്.കുഞ്ഞമ്മ റജിമോളെ ഉടുപ്പിടിക്കുകയായിരിjക്കും. ജോൺസൺ അവൾക്ക് ഒരുപാവാടയും ഉടുപ്പുംവാങ്ങിക്കൊടുത്തു.വറീത് മൂപ്പീന്നും,രാഘവൻമാമനും, മമ്മദ് കാക്കായും വരുന്നുണ്ട്.ചെറുക്കൻ കൂട്ടര് ഇപ്പോൾ എത്തുമായിരിക്കും ഞാൻ അടുക്കളയിൽ ചെന്ന് മറിയാമ്മച്ചിയെ സഹായിക്കട്ടെ.

അച്ചായാ,റജിമോളുടെ കെട്ട് വൃശ്ചികം പതിനഞ്ചിന് നടത്താൻ തീരുമാനിച്ചു.റജി വളരെ സന്തോഷത്തിലാണ്. പഴയകാലമല്ലല്ലോ.അവൾക്ക് കല്യാണവും അതിന്റെ ആവശ്യകതയും നന്നായറിയാം.റജിമോളുടെ കെട്ടുകഴിഞ്ഞാൽ ജോൺസണെ കെട്ടിക്കണമെന്ന് അമ്മച്ചിയമ്മ അപ്പച്ചനോട് പറഞ്ഞു.എങ്ങനെയോ ഈ കാര്യം സ്റ്റീഫൻ അറിഞ്ഞു. അവനും പെണ്ണ് കെട്ടാൻ കയറ് പൊട്ടിക്കുന്നു.മുടി കൊഴിഞ്ഞാൽ പെണ്ണ് കിട്ടില്ലത്രെ. നമ്മുടെ അപ്പുറത്തെ ലീലയുടെ ഇളയമോള് രാധാമണിയെ സ്റ്റീഫൻ വളയ്ക്കാൻ നോക്കിയതാണ്.”പുരുഷനെ “കളിപ്പിക്കാൻ അവൾ വരുന്ന ദിവസം അവൻ ഇവിടെ ചുറ്റിപ്പറ്റിയുണ്ടാവും. പുരുഷൻ അവളുടെ അമ്മിഞ്ഞ തപ്പി രാധാമണിയുടെ നുള്ള് വാങ്ങിയതുപോലെ സ്റ്റീഫനും കിട്ടി രാധാമണിയുടെ “കടി.” ഇപ്പോൾ രാധാമണിയെ കണ്ടാൽ ഗംഗാധരൻവെളിച്ചപ്പാട് തുള്ളുന്നതുപോലെ അവൻ തുള്ളും.
കുഞ്ഞമ്മയും കുടുംബവും രണ്ടുദിവസം കഴിഞ്ഞുപോയി. പോകാൻ നേരം പുരുഷന് കൈയ്യിൽ അഞ്ചുരൂപ കൊടുത്തു.

അച്ചായാ, ഞാൻ കുടുക്കയിൽ കാശിടുന്നകാര്യം പറഞ്ഞിരുന്നല്ലോ.ഇന്നലെ കുടുക്കപൊട്ടിച്ചു അതിൽ പതിനൊന്നു രൂപ ഉണ്ടായിരുന്നു.പുരുഷന് അരഞ്ഞാണവും ഉടുപ്പും വാങ്ങാൻ ഉണ്ടാക്കിയ കാശാ.ഇനിയിപ്പം റജിമോളുടെ കല്യാണത്തിന് കാശ് വേണ്ടേ.ഞാനിത് അപ്പച്ചന് കൊടുക്കാം.കെട്ടിന് കാശില്ലാത്തതുകൊണ്ട് അപ്പച്ചന്റെ രണ്ട് കാളകളെ വിൽക്കണം എന്നുപറയുന്നു. ഇവിടെ രണ്ടു ദിവസമായി മഴയാണ്.അപ്പച്ചന് കാലിന് നീര്കുറഞ്ഞു. അമ്മച്ചിയമ്മ പുരുഷനെയും കൊണ്ട് ലീലയുടെ വീട്ടിൽ പോയി.ഭവാനി ഇന്നാണ് പെറ്റ് എണീച്ച് കെട്ടിയോന്റെ വീട്ടിൽ പോകുന്നത്. ഭവാനിയുടെ മോളെ കാണിക്കാനാ പുരുഷനെ കൊണ്ട്പോയത്.അവിടെവെച്ചു രാധാമണിയെ കണ്ടാൽ ചെക്കൻ അമ്മിഞ്ഞ തപ്പും.അമ്മച്ചിയമ്മയുടെ അമ്മിഞ്ഞയിൽ പിടിച്ചോണ്ടാ പോയത്.ചെക്കൻ വളരുമ്പോൾ ശീലം മാറ്റുംഎന്നാണ് മറിയാമ്മച്ചി പറയുന്നത്.

അച്ചായാ, കൗസല്യഅമ്മച്ചിയുടെവീട്ടിൽ തിരുവനന്തപുരത്ത് നിന്ന് അവരുടെ സ്വന്തക്കാര് വന്നു. ഞാനും റജിമോളുംകൂടി അവരെ കാണാൻ പോയി. അവിടെ ചെന്നപ്പോൾ വന്നവരിൽ ഒരമ്മച്ചി എന്നോട് ചോദിച്ചു
“എന്തര് അപ്പീ പ്യാര്?നമ്മള് തിരുന്തോരതീന്ന് വന്നത്.അപ്പി ഇവിടെ അടുത്തൊള്ളത് തന്നെ?”
എന്താ ഇവരുടെ സംസാരം എന്ന് ചിന്തിക്കുമ്പോഴേയ്ക്കും ഒരു പയ്യൻവന്നു അമ്മച്ചിയുടെ കൊച്ചുമോനാണെന്ന് തോന്നുന്നു. അവനോട് അച്ചായനെ അറിയാമോ എന്ന് ചോദിച്ചപ്പോ അവൻ പറയുന്നു” “അറിഞ്ഞൂടാ..എന്റെ മ്യാമന് അറിയാരിക്കും. മ്യാമന് തോനേം സലങ്ങള് അറിയാം. സുമതിയക്കന്റെ എടോഴീക്കൂട എറങ്ങിയാ കാണണ പള്ളിക്കൂടത്തില സാറാണാ?”
കൂടുതലൊന്നും പറയാതെ ഞങ്ങൾ വീട്ടിലോട്ട് വന്നു.എന്റെ അച്ചായാ ഇതാണോ അച്ചായന്റെ തിരുവനന്തപുരത്തെ ആളുകൾ.

അച്ചായാ നമ്മുടെ സ്റ്റീഫൻ ഒരു കല്യാണം കഴിച്ചു. പൊടിയമ്മ എന്നാ പെണ്ണിന്റെ പേര് “പൊടി” ആണെങ്കിലും ആള് വലുതാണ്.രാധാമണിയുടെ പുറകെ കുറെ നടന്നതാ. കിട്ടാഞ്ഞിട്ട് ചെക്കൻ നിരാശയിലായിരുന്നു. അപ്പോഴാണ് കുന്നുംപുറത്തെ ത്രേസ്യാമ്മയുടെ മോള് കുളിക്കാൻ തോട്ടില് വന്നത്.രണ്ടുദിവസം പെണ്ണിന്റെ കുളികണ്ട് മൂന്നാംദിവസം സ്റ്റീഫൻ “പോരുന്നോ” എന്ന് ചോദിച്ചു. കേൾക്കാത്തതാമസം പെണ്ണ് തോട്ടിൽ കുളിച്ചോണ്ടിരുന്നപാടെ കൂടെ പോന്നു.
അപ്പച്ചൻ വീട്ടിൽ കയറാൻ അനുവദിച്ചില്ല.അമ്മച്ചിയമ്മ ഒരുവിധം പറഞ്ഞുസമ്മതിപ്പിച്ചു. എന്തായാലും തെക്കേ പെരേല് താമസം തുടങ്ങി. ഇപ്പോൾ കൈയ്യുണ്ണിയും പറിക്കണ്ട എണ്ണയും കാച്ചണ്ട.തിന്നാൻ നേരം മുഖം കാണിക്കും.ബാക്കി സമയം മുഴുവൻ തെക്കേ പുരയിൽ തട്ടുംമുട്ടുംകേൾക്കാം റജി മോളുടെ കെട്ടിനൊപ്പം ജോൺസന്റെ കെട്ടും കൂടി നടത്താനുള്ള ഒരുക്കത്തിലാ സ്റ്റീഫന്റെ പെണ്ണ്കെട്ട്.ജോൺസന്റെ മോളികുട്ടിക്ക് 50സെന്റ് ചീനിത്തോട്ടവും,50 പറകണ്ടവും,കറക്കുന്ന പശുവും കുട്ടിയും,നന്നായികായ്ക്കുന്ന 10സെന്റ് തെങ്ങിൻപുരയിടവും സ്ത്രീധനമായി കൊടുക്കും.പൊടിയമ്മയ്ക്കും കുഴപ്പമൊന്നുമില്ല. കുന്നുംപുറത്തെ വീടും, പാറക്കെട്ടാണെങ്കിലും 50 സെന്റ് പുരയിടവും സ്വന്തമായുണ്ട്.

അപ്പുറത്തെ ലീലയുടെ മോള് ഭവാനിയും,കുട്ടിയും വന്നിട്ടുണ്ട്.അതുകാരണം പുരുഷന് ലീലയുടെവീട്ടിൽ പോകാൻ കരച്ചിലും ബഹളവുമാണ്.വിടാത്തതിന് മറിയാമ്മച്ചിയെ കടി ടിച്ചു.ചെക്കന് വയസ് രണ്ട് തികഞ്ഞിട്ടില്ല എന്നാലും ഭവാനിയുടെ മോളെ കണ്ടാൽ ഇളക്കമാണ്.”സുമംഗല “എന്നാ അതിന്റെ പേര് തോട്ടിൻകരയിലെ കൗസല്യഅമ്മുമ്മ മിക്കവാറും ലീലയുടെ വീട്ടിൽ വരും. വന്നുകഴിഞ്ഞാൽ സുമംഗലയെ എടുത്ത് പുരുഷന്റെ അടുത്ത് കൊണ്ടുവരും. അതുകാരണം ചെക്കന് തീറ്റിയുംകുടിയും ഒന്നും വേണ്ട സുമംഗല മതി.കൗസല്യമ്മുമ്മ എന്നും അച്ചായന്റെ കാര്യം പറയും,അച്ചായൻ കുഞ്ഞിലെ അവരുടെ പാല് കുടിപ്പിച്ചതും പറഞ്ഞു കുറേനേരം ഇരിക്കും. പുരുഷൻ അവരുടെ അമ്മിഞ്ഞയിലും പിടിക്കും. “നിന്റെ അപ്പച്ചൻ കുടിച്ചതാ മോനേ അതോടെ പാല് വറ്റി ” എന്ന് പറഞ്ഞുകൊണ്ട് ഊഞ്ഞാലുപോലുള്ള അമ്മിഞ്ഞ പുറത്തിട്ട് കാണിക്കും.പുരുഷൻ അതിൽ പിടിച്ച് തൂങ്ങികളിക്കും.ഒരെണ്ണം സുമംഗലയ്ക്കും കൊടുക്കും.ഇങ്ങനെ പോയാൽ കൗസല്ല്യ അമ്മുമ്മ പുരുഷനെയും സുമംഗലയേയും വഴിതെറ്റിക്കും. എന്തായാലും പുരുഷൻ രണ്ട് വയസിൽ പ്രണയിച്ചുതുടങ്ങി.ഭാവി മരുമകളെയും. അങ്ങനെ ലീലയും,നമ്മളും ബന്ധുക്കളാകാൻ പോകുന്നു.എന്റെ പെറ്റുകിടപ്പുകുപ്പായം ആദ്യം കൊടുത്തത് ഭവാനിക്കല്ലേ.അന്നേ ചെക്കന്റെ മണം പെണ്ണിനടിച്ചു കാണും.ആ കുപ്പായത്തിലായിരുന്നില്ലേ പുരുഷൻ മുള്ളുന്നത്.അപ്പച്ചൻ ചെക്കനെ ലീലയുടെ വീട്ടിൽ പോകുന്നത് തടഞ്ഞതിന് അപ്പച്ചനെ “മൊട്ടേ എന്ന് വിളിച്ചു. പാവം അപ്പച്ചൻ കൊച്ചുമോന്റെമുന്നിൽ “തോറ്റു തൊപ്പി ഇട്ടില്ലെന്ന് മാത്രം.

അച്ചായാ, ഇവിടെ ജോൺസൺ നല്ല ദേഷ്യത്തിലാണ്. മനഃ സമ്മതതിന് വന്നുപോയതല്ലാതെ കെട്ട് കല്യാണത്തിന് അച്ചായൻ വന്നില്ലല്ലോ. റജിമോൾക്ക് ആരുവന്നില്ലേലും കെട്ട് നടന്നാമതീന്നായിരുന്നു…

അച്ചായാ , ഇന്ന് മോളിക്കുട്ടിയും പൊടിയമ്മയും കൂടി മുട്ടൻ വഴക്കായിരുന്നു.പൊടിയമ്മയുടെ വീട്ടീന്ന് ഒരു വരിക്കച്ചക്ക കൊണ്ടുവന്നു.ഇതുകണ്ടപ്പോൾ മോളിക്കുട്ടി അവളുടെ അപ്പാപ്പനോട്(കാറ്റാം പീച്ചാംകുഞ്ഞച്ചൻ)പറഞ്ഞു രണ്ട് തേൻ വരിക്ക കൊണ്ടുവന്നു.എല്ലാവരും തേൻവരിക്ക തിന്നു. പൊടിയമ്മയുടെ ചക്ക സ്റ്റീഫൻ മാത്രം തിന്നു. അതോടെ പൊടിയമ്മ മോളിക്കുട്ടിയോട് മിണ്ടാട്ടമില്ല തേൻ വരിക്ക തിന്ന് പുരുഷന് വയറിളക്കംപിടിച്ചു. അമ്മച്ചിയമ്മകട്ടൻ ചായയിൽ നാരങ്ങb ചേർത്ത് കുടിപ്പിച്ചു. അതോടെ ഇളക്കം നിന്നു.എങ്കിലും സുമംഗലയെ കാണാനുള്ള ഇളക്കം കൂടിയിട്ടേയുള്ളു.

കുഞ്ഞമ്മയുടെ മോളെ ഈ വർഷം പള്ളിക്കൂടത്തിൽ ചേർക്കും.അപ്പച്ചന് ഇപ്പോഴും കൃഷി എന്നവിചാരം മാത്രമേയുള്ളു.കൊച്ചുപെണ്ണും അപ്പച്ചനുംകൂടിയാണ് കൃഷിചെയ്യുന്നത്.ഇടയ്ക്ക് മറിയാമ്മച്ചിയും പോകും.ഒരുനോട്ടം എപ്പോഴും നല്ലതല്ലേ അച്ചായാ. നമ്മുടെ ശ്രദ്ധക്കുറവുകൊണ്ട് അപ്പച്ചൻ പിഴച്ചു പോകരുതല്ലോ.പ്രായം പത്തറുപത്തഞ്ച് ആയെങ്കിലും അപ്പച്ചനും ആണല്ലെ?കൊച്ചുപെണ്ണാണെങ്കിൽ തൊട്ടാൽ പൊട്ടുന്ന പ്രായം. 50 കഴിഞ്ഞു.” നാല്‌കോമ്പല്ലു തള്ളി നിൽപ്പുണ്ട്. ആരെയും മയക്കുന്ന എണ്ണകറുപ്പ്, ആറേഴ് പെറ്റതുകൊണ്ട് വയറ് വീർത്താ ഇരിക്കുന്നത്.ചേറിലെ പണിയാ വസ്ത്രം കുറച്ചുമതി. ഇത്രയും പോരെ അച്ചായാ കുടുംബത്തുപിറന്ന ആണുങ്ങളെ വഴി തെറ്റിക്കാൻ.?പിന്നെ അപ്പച്ചന് അതിലൊന്നും ശ്രദ്ധയില്ല.അച്ചായന്റെ ഗുണം അപ്പച്ചനില്ല.
അപ്പച്ചൻ ആ സമയം നെല്ലിന്റെചുവട്ടിലെ കള പറിച്ചു വിളവ് മെച്ചപ്പെടുത്താൻ നോക്കും.

0 Comments

No Comment.