

പ്രിയപ്പെട്ട അച്ചായന്,
അച്ചായാ, പൊടിയമ്മയും സ്റ്റീഫനും മടങ്ങി വരുന്നകാര്യം എഴുതിയിരുന്നല്ലോ. പോയപ്പോൾ വീർത്തിരുന്ന പൊടിയമ്മയുടെ വയർ ഒട്ടിയും,ഒട്ടിയിരുന്ന സ്റ്റീഫന്റെ വയർവീർത്തും കാണപ്പെട്ടു.അമ്മായിവീട്ടിലെ സൽക്കാരം ചെക്കന്റെ വയർ വീർപ്പിച്ചു.സുഖപ്രസവത്തിന് വയറും താങ്ങിപ്പോയ പൊടിയമ്മ തെക്കേപുരയിൽ ഒളിച്ചിരിപ്പാണ്.
അച്ചായാ,നമ്മുടെ കോങ്കണ്ണിപ്പാത്തുവിന്റെ പുതിയാപ്ല കുഞ്ഞിക്കണ്ണ് പിണങ്ങി പോകാൻ നോക്കി.
കാര്യം
നിക്കാഹ് കഴിഞ്ഞ രാത്രി കുഞ്ഞിക്കണ്ണിന്റെ വീട്ടിൽപോയി തിരിച്ച് വെളുപ്പിന് കോങ്കണ്ണിയുടെ വീട്ടിലെത്തി.ഖദീജാഉമ്മാച്ചി തലേദിവസത്തെ നെയ്ച്ചോറ് ചൂടാക്കി പുതിയാപ്ലെയ്ക്കുകൊടുത്തു.കുഞ്ഞിക്കണ്ണിന് വയറിളക്കം പിടിച്ചു മണിയറയിൽ കയറേണ്ട കുഞ്ഞിക്കണ്ണ് പറമ്പിൽ കുത്തിയിരുന്ന് നേരം വെളുപ്പിച്ചു.പെണ്ണുവീട്ടുകാര് കോങ്കണ്ണുള്ള പെണ്ണിനെ കൊടുത്ത് ചതിച്ചതും പോരാ,ചെക്കനെ വയറിളക്കി ആരോഗ്യം നഷ്ടപ്പെടുത്തിയത്രെ. എന്തായാലും പ്രശ്നം പരിഹരിക്കാൻ അപ്പച്ചനുംരാഘവൻമാമനും, മമ്മദാക്കായുംപോയി.ഇതിനിടയ്ക്ക് എവിടെന്നോ കോങ്കണ്ണിപാത്തൂന്റെ പഴയ ദാമോദരനും എത്തി.അപ്പച്ചനും കൂട്ടരും പ്രശ്നം ഒതുക്കാൻ ശ്രമിക്കുമ്പോൾ ദമോദരൻ കലക്കാൻ നോക്കും. ദാമോദരനെ പിടലിക്ക് പിടിച്ച് ഒറ്റ തല്ലുകൊടുത്തു കോങ്കണ്ണിയുടെ മാമ മൊയ്തീൻകുഞ്ഞ്.
പിണങ്ങി പോകാനിറങ്ങിയ കുഞ്ഞിക്കണ്ണുമായി ചർച്ച നടത്തി.ഇതിനിടയ്ക്ക് കട്ടൻചായയിൽ നാരങ്ങാപിഴിഞ്ഞ് മമ്മദാക്ക കുഞ്ഞിക്കണ്ണിനെകൊണ്ട് കുടിപ്പിച്ചു. ഇളക്കവും നിന്നു.പ്രശ്നവും പരിഹരിച്ചു.ചെക്കനും പെണ്ണുംമണിയറയിൽ കയറി കതകടച്ചപ്പോൾ പോയവരും തിരികെ മടങ്ങി.
അച്ചായൻ കൊണ്ടുതന്ന കമ്പിളിപുതപ്പ് ഞാൻ
അമ്മച്ചിയമ്മയ്ക്കുകൊടുത്തു.ഇവിടെ നല്ല മഴയാണ്. അച്ചായാ..എനിക്ക്
പുരുഷനുണ്ടല്ലോ കെട്ടിപ്പിടിച്ചുകിടക്കാൻ.. അവനെ നോക്കിയിരിക്കുമ്പോൾ
എനിക്ക് നിന്റെ മത്തങ്ങാതലയും കുരങ്ങൻമോന്തയും ഓർമ്മവരും.അങ്ങനെ
ഞാനെന്റെ സങ്കടംകടിച്ചമർത്തും. കടിച്ചമർത്തിമുൻനിരയിലെ പല്ലുകൾ വരെ
തേഞ്ഞുതുടങ്ങി.
നമ്മുടെ മോൻ പുരുഷൻ
പാട്ട് പാടി തുടങ്ങി.അച്ചായൻ കൊണ്ടുവന്നറേഡിയോയിൽ യേശുദാസിനൊപ്പം
അവൻ പാടും.ഒരിക്കൽ പെട്ടെന്ന് റേഡിയോയിൽപാട്ട് നിന്നു. അപ്പോൾ
അവന്റെ സ്വരവും പതറി. ഉടനെ അപ്പച്ചൻ പറയുകയാണ് അലറാതെ
പോടാ ചെക്കാ എന്ന്. യേശുദാസിനൊപ്പം പാടാൻ കഴിവുള്ള നമ്മുടെ പുരുഷനെ അപ്പച്ചൻ വഴക്കുപറഞ്ഞത് എനിക്കിഷ്ടമായില്ല. റേഡിയോയിൽ പാട്ട് നിന്നപ്പോൾഅവന്റെ പാട്ടു മോശമായി. പക്ഷേ യേശുദാസിനൊപ്പം അവൻ നന്നായി പാടുന്നില്ലേ. വളർന്നുവരുന്ന അവന്റെ കഴിവ് എന്നെങ്കിലും അപ്പച്ചൻ മനസിലാക്കും. അന്ന് അപ്പച്ചൻ പറയും “ഞാനറിഞ്ഞിരുന്നില്ല മകനെ,നിന്നെ തിരിച്ചറിയാൻ അപ്പാപ്പൻ വൈകിപ്പോയെടാ” എന്ന്.
അച്ചായാ, ഇവിടെ നല്ല മഴയാണ്.കുഞ്ഞിക്കണ്ണിന്റെ കോഴിക്കോട്ടും,കറുമ്പിയുടെ അമ്മാവന്റെ മലപ്പുറത്തും വെള്ളം കേറിയത്രെ.പണ്ടെങ്ങോ ഉണ്ടായ പ്രളയം വരുമോ അച്ചായാ? പ്രളയം വന്നാൽകോഴിക്കൂടുപോലുള്ള നമ്മുടെവീടും ഒലിച്ചുപോകും.ദുരിതാശ്വാസക്യാമ്പിൽ നമുക്ക് ഒരുമിച്ച് കഴിയാൻ സാധിക്കുമോ?അവിടെവെച്ച് നമുക്ക് പുരുഷന്റെഅനിയത്തിക്ക് അടിത്തറയിടാം.
പുരുഷനും ഞാനും അച്ചായനും മാത്രമുള്ളൊരുവീട് എന്ത് രസമായിരിക്കും അല്ലേ? അച്ചായന് പിള്ളേരുടെപകർത്തി എഴുത്ത് തിരുത്താൻ ഒരു മുറി,നമുക്ക് കിടക്കാൻ മറ്റൊരു മുറി,ഒരു ഇറയം.(പരിഷ്ക്കാരികൾ ഹാൾ എന്നുപറയും)അടുക്കള, പിന്നെ വൈകുന്നേരങ്ങളിൽനമുക്ക് സംസാരിക്കാൻ,കഥപറയാൻ പരിഷ്ക്കാരികളുടെ സിറ്റൗട്ട്.(നമുക്ക്
ചായ്പ്പ്.) പുരുഷന് ഓടിക്കളിക്കാൻമുറ്റം വേണം പിന്നെ, ചെമ്പരത്തിചെടിവേണം ഇടക്ക് വഴക്കുണ്ടാക്കി വട്ടാകുമ്പോൾ ചെവിയിൽ വെയ്ക്കാമല്ലോ.
അച്ചായാ,നമ്മുടെ തോട്ടിൽ കുളിക്കാൻ വരുന്ന ഭാർഗ്ഗവി അമ്മയുടെ മരുമോള് ചാഴിക്കാടൻ പരമുവിന്റെ കൂടെ ഒളിച്ചോടി. ഭാർഗ്ഗവിതള്ളയുടെമോൻ പട്ടാളത്തിലല്ലേ വെടിവെച്ചുവെടിവെച്ച് അവന്റെ ഉണ്ട തീർന്നു.
അപ്പോഴാണ് ചാഴിക്കാടൻ തോട്ടിൽ കുളിക്കാൻ ചെന്നത് അവസാനം
തോട്ടിൽ കുളി നാട്ടിൽ പാട്ടായി.’പട്ടാളക്കാരന് വെടിവെയ്ക്കാനറിയാം.പക്ഷേ,
വെടിയെ തിരിച്ചറിയാൻ സാധിച്ചില്ല” അതൊക്കെ പോട്ടെ, അച്ചായനറിയാമല്ലോ പണ്ടേ പരദൂഷണംപറയാൻ എനിക്കിഷ്ടമല്ലെന്ന്..
നമ്മുടെ കണ്ണൻ കാളയെവിറ്റു.പകരം രണ്ട് പോത്തിനെ വാങ്ങി.പുരുഷൻ അതിന് പേരിട്ടു. “പാപ്പി, പീപ്പി”.ഇപ്പോൾ പുല്ല് ചെത്താൻ പൊടിയമ്മയുംമറിയാമ്മച്ചിയും കൂടി പോകും. പൊടിയമ്മയുടെ തെക്കേപുരയിലെ ഒളിച്ചിരുപ്പ് അപ്പച്ചന്റെ വിരട്ടോടെ നിന്നു.പുരുഷൻ ആ സമയത്ത്ബാലവാടിയിൽ ആയിരുന്നു.അല്ലായിരുന്നെങ്കിൽ അപ്പച്ചന്റെ കാണാപ്പുറത്ത് നുള്ളിക്കൊടുത്തേനെ.പൊടിയമ്മയ്ക്ക്
സ്റ്റീഫൻ കൊണ്ടുവരുന്ന അപ്പങ്ങൾ ചെക്കനും കൂടിയല്ലേ തിന്നുന്നത്. അതുകൊണ്ട് പൊടിയമ്മയെ ചെക്കന് വലിയ ഇഷ്ടമാണ്.ഉറക്കം തൂങ്ങി മോളി ചെക്കന് ഒന്നും കൊടുക്കാറുമില്ല. അമ്മച്ചിയമ്മയ്ക്ക് മുട്ട് വേദന വരുമ്പോൾ തിരുമ്മൽ നടത്തുന്നത് പുരുഷനാണ്.ചെക്കന് നന്നായിചവിട്ടിതിരുമ്മാനറിയാം.
ഈ ഇടയ്ക്ക് അവന്റെ കൂട്ടുകാരി സുമംഗലവന്നു.അവൻ മൈന്റ് ചെയ്തില്ല.കാരണം ബാലവാടിയിൽ ഓമനയും, തങ്കമണിയും ഉണ്ടല്ലോ.സുമംഗല പോയപ്പോൾ “മാനസമൈന…പാടി കരഞ്ഞചെക്കനാ. ഇപ്പോൾ പകരം ഗോപികമാർ നിരവധിയല്ലേ..
അപ്പച്ചന്റെ ഗുണം മോൻ കാണിക്കാതിരിക്കുമോ?
അച്ചായാ,തേക്കിൻകാട്ടിലെ ചിറ്റപ്പനും അമ്മാവനും കൂടി വന്നിരുന്നു.ചെക്കനെ മലയ്ക്കുകൊണ്ടുപോകാൻ മലയിടീപ്പിക്കാൻ വന്നതാണ്.ചെക്കൻ കർത്താവിന്റെ ഫോട്ടോയ്ക്ക് മുന്നിൽ വെച്ച് മാലയിട്ടു. മാലയിട്ടപ്പോൾ നല്ല ഗമയായി. കന്നി അയ്യപ്പനല്ലേ 41 ദിവസം വ്രതം നിൽക്കണം.ചെക്കൻ ആദ്യദിവസം നല്ല സന്തോഷത്തിലായിരുന്നു. ബാലവാടിയിൽ കൂടെ പഠിക്കുന്ന തങ്കമണിയും,ശോഭനയും,ഓമനയും മാലകണ്ട് ചെക്കനെ പുകഴ്ത്തി.
രവൈകിട്ട് വീട്ടിലെത്തിയപ്പോൾ അടുപ്പിൽ ചട്ടിയിൽ ഞണ്ട്കറി തിളക്കുന്നു.കറിയിൽ ഞണ്ടോടുന്നത് കണ്ടതും ചെക്കന്റെ കോളും മാറി.ഞണ്ടില്ലാതെ ചോറ് തിന്നില്ല എന്ന് വാശിപിടിച്ചു.ജോൺസൺ പറഞ്ഞു നോക്കി ജോൺസണെ കൈമുറുക്കി ഇടിച്ചു. സ്റ്റീഫൻ കമ്പെടുത്തു.ചെക്കൻ കല്ലെടുത്തു.മറിയാമ്മച്ചിയും അമ്മച്ചിയമ്മയും സമാധാനിപ്പിക്കാൻ നോക്കി.ചെക്കൻ ദേഷ്യം വന്ന് അമ്മച്ചിയമ്മ വാങ്ങി വെച്ചിരുന്ന രണ്ടുപക്ക അരിയുടെ കലം ചവിട്ടി പൊട്ടിച്ചു. മോളിക്കുട്ടി ഉറക്കം തൂങ്ങി ഇരിപ്പായിരുന്നു. അവൾക്കും കിട്ടി ചവിട്ട്. പൊടിയമ്മയെ വെറുതെവിട്ടു.എന്നെ വീട്ടീന്ന് പൊയ്ക്കോളാൻ പറയുമെന്ന് കരുതി.പക്ഷേ അമ്മിഞ്ഞ ഓർത്താവും കൈവെച്ചില്ല.അപ്പച്ചന്റെകാണാപ്പുറത്തേയ്ക്ക് ചെക്കൻ കൈവെയ്ക്കും മുമ്പ് അപ്പച്ചൻ പറഞ്ഞു. “മാല ഊര്.ചെക്കൻ ഞണ്ടുകറി കഴിക്കട്ടെ “.കേട്ടപാടെ ചെക്കൻ മാലഊരി കർത്താവിന്റെഫോട്ടോയിലിട്ടു. പൊടിയമ്മ ഒരു മുഴുത്ത ഞണ്ടിനെ ചെക്കന്റെ മുന്നിൽ കൊണ്ടുവെച്ചു. എന്റെ അച്ചായാ “പൊട്ടാസ്” പൊട്ടിക്കുന്ന ഒച്ചപോലെ ചിലത് കേട്ടു. ചെക്കൻരണ്ട് ഞണ്ടു തിന്നു.
“ഞണ്ട് നല്ല ഞണ്ട്…
മോളി വെച്ച ഞണ്ട്.
തിന്നു ഞാനും രണ്ട്.
എന്തുനല്ലഞണ്ട്.
രണ്ടുകൂടിതിന്നാം…”
ഇങ്ങനെ പാട്ടും പാടി ചെക്കൻ നടക്കുകയാണ്.
ഇനി അമ്മാവൻ വരുമ്പോൾ എന്താവുമോ ആവോ?

No Comment.