2024 | ഫിബ്രവരി 18|ഞായറാഴ്ച.|
1199 | കുംഭമാസം 05|രോഹിണി|


കൂലിയെഴുത്തുകാർ
ഇങ്ങനെയൊരു തലവാചകം വായിക്കുമ്പോൾ പലർക്കും അതിശയം തോന്നാം. എന്നാൽ ആ വാചകത്തിന് വലിയ സത്യമുണ്ട്. എഴുത്തുവഴിയിലുള്ള ചിലർ പണം കൊടുത്ത് മറ്റുള്ളവരെക്കൊണ്ട് രചനകൾ എഴുതിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിക്കുന്ന പ്രവണത കുറേക്കാലങ്ങൾക്കു മുൻപേയുള്ളതാണ്.
അന്നൊക്കെ കൂടുതലും സിനിമയ്ക്കുള്ള തിരക്കഥകൾ, ചില പുതിയ എഴുത്തുകാർ സംവിധായകരുടേയും നിർമ്മാതാക്കളുടേയും, മുന്നിൽ വായിച്ചു കേൾപ്പിക്കും. അവർക്ക് ഇഷ്ടപ്പെട്ടാൽ മാത്രമെ സിനിമയ്ക്കുവേണ്ടി എടുക്കുകയുള്ളു. ഇന്നത്തെപ്പോലെ ഫോട്ടോസ്റ്റാറ്റ് സംവിധാനങ്ങൾ ഇല്ലാത്ത കാലമായതിനാൽ എഴുതിയ ഒരു പകർപ്പ് മാത്രമേ കാണുകയുള്ളു. വായിച്ചുകേട്ട് കഥ തരക്കേടില്ലെങ്കിൽ വാങ്ങിവയ്ക്കും.ഒന്നോ രണ്ടോ മാസങ്ങൾ കഴിയുമ്പോൾ വരാൻ പറയും. ഇതിനോടകംതന്നെ കഥാകൃത്തിന്റെ പേരു മാറ്റി പടത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിട്ടുണ്ടാവും. അതിനിടയിൽ കഥ എഴുതിയവർ വന്നാൽ, “ഇപ്പോൾ ഒരു പടത്തിന്റെ വർക്കുകൾ നടക്കുകയാണ് ഒരു രണ്ടു മാസംകൂടി കഴിഞ്ഞുനോക്കാം ” .ഇതായിരിക്കും മറുപടി.
ഇങ്ങനെ രണ്ടോ മൂന്നോ അവധി കഴിയുമ്പോൾ സിനിമ പൂർത്തിയായി തീയേറ്ററിൽ എത്തിയിട്ടുണ്ടാവും. ഹതഭാഗ്യരായ കഥാകൃത്തും ചിലപ്പോൾ താൻ എഴുതിയ സിനിമാക്കഥ മറ്റൊരുവന്റെ പേരിൽ സ്ക്രീനിൽ എഴുതിക്കാണിക്കുന്നതും, താൻ എഴുതിവച്ച കഥാപാത്രങ്ങൾ പ്രമുഖ നടീനടന്മാർ വെള്ളിത്തിരയിൽ ആടിത്തിമിർക്കുന്നതും കാണേണ്ടിവരുന്ന അവസ്ഥയും ഉണ്ടാകും.
എഴുതിയ കഥയുടെ അവകാശംപറഞ്ഞു ചെന്നാൽ ചിലപ്പോൾ എന്തെങ്കിലും “നക്കാപ്പിച്ച” കാശുകൊടുത്ത് ഒഴിവാക്കും അല്ലെങ്കിൽ ആട്ടിപ്പായ്ക്കും. ഇപ്പോഴും അങ്ങനെയുള്ള ചില വിരുതൻമാർ പ്രശസ്തരുടെ മേലങ്കിയണിഞ്ഞുകൊണ്ട് സിനിമ മേഖലയിലുണ്ട്.
ഇത് ഓർമ്മപ്പെടുത്തിയത് സാഹിത്യമേഖലയിൽ ഇപ്പോൾ ഈ പ്രവണത ഏറിവരുന്നുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. പ്രമുഖ പ്രസിദ്ധീകരണങ്ങളിലേക്കുവരെ പേരും പ്രശസ്തിയും നേടാൻവേണ്ടി സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന ചില എഴുത്തുകാർ മികച്ച രീതിയിൽ കഥയും നോവലുമൊക്കെ എഴുതുന്ന വ്യക്തികളെ കണ്ടെത്തി അവർക്ക് ആവശ്യമുള്ള പണം കൊടുത്ത് നോവലും കഥയും എഴുതിക്കും എന്നിട്ട് അവ സ്വന്തം പേരിൽ പ്രസിദ്ധീകരണങ്ങൾക്ക് അയച്ചുകൊടുക്കുകയും മാസത്തിൽ പുസ്തകങ്ങൾ തയ്യാറാക്കുകയും ചെയ്യും പ്രസിദ്ധീകരണങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും പരസ്യംചെയ്തുകൊണ്ട് വേണ്ടത്ര ശ്രദ്ധപിടിച്ചുപറ്റും. ഇനി ഇതിന്റെ നിജസ്ഥിതികൂടി അറിയണമെങ്കിൽ ഇവരുടെ മറ്റുചിലരചനകളോ, എഴുത്തുമായി ബന്ധപ്പെട്ട കാര്യങ്ങളോ ശ്രദ്ധിച്ചാൽ മതി. കൂലി എഴുത്തുകാരുടെ രചനയിൽ സാഹിത്യ ഭാഷ നിഴലിച്ചുനിൽക്കും..
സാഹിത്യഭാഷ കാര്യമായി തൊട്ടുതീണ്ടാത്ത “എഴുത്തുകാർ”ആണിലും പെണ്ണിലും കുറേയുണ്ട്. പക്ഷേ ഇവർ മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. ഇവരുടെ രചനകൾ മുമ്പ് കാണുകയും വായിക്കുകയും ചെയ്തിട്ടുള്ളവർക്ക് ഇവരുടെ മിനിമം എഴുത്തുരീതികൾ അറിയാം. അതിൽനിന്നൊക്കെ മാറി എഴുത്തുശൈലിക്ക് അപ്രാപ്യമായ രീതികൾ ഇവരുടെ പേരിൽ വരുന്ന രചനകളിൽ കാണുന്നുണ്ടെങ്കിൽ അതിനു പുറകിൽ മുൻപ് പറഞ്ഞതുപോലെ ചില അണിയറക്കഥകൾ ഉണ്ടെന്നുള്ളത് നിസ്സംശയം പറയാം.
ഇപ്പോഴും ഇങ്ങനെ ചില “പ്രമുഖർ”പ്രത്യക്ഷപ്പെടുന്നുണ്ട്.എഴുത്തുകാർ എന്ന പേരിൽ. ആരുടെയെങ്കിലും കുഞ്ഞിനെ വിലകൊടുത്തോ, തട്ടിയെടുത്തോ, പിതൃത്വം ഏറ്റെടുക്കുന്ന രീതി..
രചനയിൽ എന്തെങ്കിലും ചെറിയ ചെറിയ തെറ്റുകളോ, പോരായ്മകളോ ഉണ്ടെങ്കിൽ അതു മറ്റ് എഴുത്തുകാരോട് ചോദിച്ചോ, അല്ലെങ്കിൽ മറ്റുള്ളവർ ചൂണ്ടികാണിച്ചോ തിരുത്തലുകൾ വരുത്താം. പക്ഷേ മറ്റുള്ളവരെക്കൊണ്ട് വ്യക്തിബന്ധങ്ങൾ വച്ചോ, കൊടുക്കൽ വാങ്ങലുകൾവച്ചോ എഴുതിച്ച് ഒരു ഉളുപ്പും ഇല്ലാതെ പുസ്തകങ്ങളാക്കി ആർഭാടമായ പ്രകാശനം നടത്തി
സ്വന്തം അസ്തിത്വം പണയപ്പെടുത്തി ചുളുവിൽ ഇങ്ങനെയുള്ള “എഴുത്തുകാർ” ആകുന്നതിലും ഭേദം ആ പണിക്കു പോകാതെയിരിക്കുന്നതാണ്.
സ്വന്തം കഴിവിന്റെ പരിമിതികൾ മനസ്സിലാക്കി അതിലൂടെ തങ്ങളുടേതായ കഴിവും മികവും പ്രകടിപ്പിക്കുന്നതാണ് എക്കാലത്തും അഭിമാനം…

No Comment.