2024 | ഫിബ്രവരി 24|ശനിയാഴ്ച.|
1199 | കുംഭ മാസം 11|മകം|

“കടം ” കെണിയാണ്
ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഓരോ വർഷവും കേരളത്തിൽ തന്നെ വിവിധ പ്രശ്നങ്ങളുടെ പേരിൽ നടക്കുന്ന ആത്മഹത്യകളുടെ എണ്ണം ഭയാനകമാകുന്ന തലത്തിലേക്ക് ഉയർന്നിരിക്കുന്നു.
മുൻകാലങ്ങളെ അപേക്ഷിച്ച് അറിവും, വിദ്യാഭ്യാസവും, ജോലിയും നേടിയിട്ടുള്ള, വിദ്യാസമ്പന്നർക്കിടയിലാണ് ആത്മഹത്യ എന്ന ബുദ്ധിശൂന്യമായ പ്രവർത്തി ഏറിവരുന്നതെന്നതും അതിശയകരമാണ്.
പഴയ കാലത്ത് ആത്മഹത്യ ചെയ്യുന്നവർ വളരെ അപൂർവമായിരുന്നു. എത്ര കഷ്ടപ്പാടിനേയും ദുരിതങ്ങളെയും അതിജീവിക്കുവാനുള്ള ഒരു ഇച്ഛാശക്തി, മനോബലം അന്നത്തെ ജനതയ്ക്ക് ഉണ്ടായിരുന്നുവെന്നുള്ളതാണ് സത്യം. മറ്റൊന്ന് തങ്ങളുടെ വരുമാനം/ ആസ്തി തുടങ്ങിയ സാഹചര്യങ്ങളെ മനസ്സിലാക്കി ഉള്ളതിൽ ഒതുങ്ങി ജീവിക്കുകയും അതിലൂടെ ജീവിതഗതികൾ തുലനപ്പെടുത്തി മുന്നോട്ടുപോകുകയും ചെയ്തിരുന്നു. മറ്റൊരാളോട് ചെറിയ തുക കടം വാങ്ങുന്നതുപോലും വരും ദിവസങ്ങളിൽ അതു തിരികെ കൊടുക്കാൻ കഴിയുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്..
എന്നാലിന്ന് അയൽപ്പക്കക്കാരന്റെ പണവും പ്രതാപവും കണ്ട് അവരേക്കാൾ ആഡംബരത്തിൽ ജീവിക്കണമെന്നുള്ള അത്യാർത്തിയിൽ സ്വന്തം കിടപ്പാടം പണയപ്പെടുത്തിയും, അമിതമായ പലിശയ്ക്ക് പണം വാങ്ങി വലിയ വീടു പണിയുകയും ആർഭാടത്തിൽ കുറച്ചുകാലം കഴിയുകയും ചെയ്യും. വേണ്ടത്ര വരുമാനമോ, സ്ഥിരം തൊഴിലോ ഇല്ലാത്ത വ്യക്തിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും മനസ്സിലാക്കണം.വായ്പ്പകളുടെ അടവുകൾ മുടങ്ങുമ്പോൾ ബാങ്കുകാരുടേയും വട്ടിപ്പലിശക്കാരുടേയും ശല്യം തുടങ്ങും. വീട്ടാൻ കഴിയില്ല എന്നറിഞ്ഞുകൊണ്ട് തന്നെ മാസങ്ങളോളം അവധി പറയും. പിന്നീട് കേൾക്കുന്നത് കുടുംബസഹിതം ആത്മഹത്യ ചെയ്തു എന്നാവും.
മാതാപിതാക്കൾ അല്ലെങ്കിൽ പിതാവ് വരുത്തതിവെയ്ക്കുന്ന ബാധ്യതയിൽ നിരപരാധികളായ കുഞ്ഞുങ്ങൾ കൂടി ബലിയർപ്പിക്കപ്പെടുന്നു.വരും വരായ്കകളെ കുറിച്ച് ചിന്തിക്കാതെ വാങ്ങി കൂട്ടുന്ന കടം വ്യക്തിക്ക് തന്നെ കെണിയായി മാറുന്നു. കുറച്ചു വർഷങ്ങൾ ആർഭാടമായി ജീവിക്കുന്നു. പണത്തിന്റെ സ്രോതസ് (ലോൺ )കിട്ടാതെ വരുമ്പോൾ ഒറ്റയ്ക്കോ, കുടുംബത്തെ കൊലപ്പെടുത്തിയോ, ആത്മഹത്യ ചെയ്യുന്നു. ജീവൻ കൊടുക്കാൻ കഴിയാത്തിടത്തോളം ജീവൻ എടുക്കാനും മറ്റൊരാൾക്കും അവകാശമില്ല.
ആത്മഹത്യയിലൂടെ പ്രശ്നപരിഹാരം എന്നു ചിന്തിക്കുന്നവർ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത് എന്നു പറയേണ്ടിവരും.
ആത്മഹത്യചെയ്യുന്നവർക്ക് അതോടെ പ്രശ്നം തീർന്നു. പക്ഷേ ആത്മഹത്യ ചെയ്യപ്പെടുന്നവരുടെ ബാധ്യതകൾ ഒരിക്കലും തീരുന്നില്ല. അവരുടെ ബന്ധുക്കൾ കടം വീട്ടേണ്ടുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.സ്വയം വരുത്തിവെച്ച ബാദ്ധ്യതകൾ കുടുംബത്തിന്റെ മേൽ കെട്ടിവെച്ച് ഒളിവിൽ പോകുന്നവരും വിരളമല്ല.

No Comment.