Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

പ്രണയക്കുരുക്കുകൾ 

പ്രണയത്തിന്റെ കാണാപ്പുറങ്ങളിൽ ഇയ്യാംപാറ്റകളായി എരിഞ്ഞടങ്ങിയ ഒരുപിടി ജന്മങ്ങളുടെ നിലവിളികൾ നമ്മുടെ കാതുകളിൽ മുഴങ്ങുന്നുണ്ട്. മദ്യത്തേക്കാളും, മയക്കുമരുന്നിനെക്കാളും മാരകമായ ലഹരിയായി മാറി പ്രണയത്തിന്റെ പേരിൽ തികച്ചും, ലൈഗീകതയുടെ കുരുക്കുകളിലേയ്ക്ക് വലിച്ചിഴക്കപ്പെടുന്ന അരാജകത്തിന്റെയും, അക്രമത്തിന്റെയും പാതകൾ… മുൻകാലങ്ങളിൽ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ കത്തുകൾവഴിയും നേരിട്ടും പ്രണയസന്ദേശങ്ങളും, സല്ലാപങ്ങളും പങ്കുവച്ചിരുന്നുവെങ്കിൽ മൊബൈൽഫോണും, ഇന്റർനെറ്റും, വാട്സാപ്പും ഫേസ്ബുക്കും ഒക്കെ വന്നപ്പോൾ മറ്റെല്ലാ മേഖലകളിലും എന്നതുപോലെ സൗഹൃദത്തിന്റേയും അതോടൊപ്പം പ്രണയത്തിന്റേയും വഴികൾ ഒരുക്കുവാൻ സമയദേശ കാലഭേദമില്ലാതെ അവസരങ്ങൾ ഒരുങ്ങുകയാണ് ഉണ്ടായത്.
പുതിയതായി വന്നിട്ടുള്ള സാങ്കേതിക മികവുകളെല്ലാം സാർവത്രികമായി ഏറെ ഗുണങ്ങൾ നൽകുമ്പോഴും അതിനെ അത്രമേൽ ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്.

രാപകലില്ലാതെ ആരോടും പ്രണയം, ഇഷ്ടം,സൗഹൃദം പങ്കുവയ്ക്കുവാൻ കഴിയുന്ന സംവിധാനങ്ങളാണ് സ്മാർട്ട്‌ ഫോണുകളിൽ ഉള്ളത്. ഫേസ്ബുക്ക്‌ വാട്സാപ്പ് തുടങ്ങി ആപ്പിലാക്കുന്ന നിരവധി ആപ്പുകൾ ഫോണിലുണ്ട്.ഇതിൽ ഏറ്റവും കൂടുതൽ ഉപയോഗം ഫേസ് ബുക്കും, വാട്സാപ്പുമാണ്.ഇതിലൂടെ പരിചയപ്പെടുന്ന പല വ്യക്തികളും ആദ്യം സൗഹൃദത്തിന്റെ തലത്തിൽ ബന്ധം സ്ഥാപിച്ച് പിന്നീട് പ്രണയത്തിന്റെ വഴിത്താരയിലേക്ക് നീങ്ങും.ഇങ്ങനെ വരുന്ന പല വ്യക്തികളുടേയും പ്രൊഫൈൽ ചിത്രങ്ങളും മറ്റു വിവരങ്ങളും കൃത്യമായിരിക്കില്ല. പലരും കൊടുക്കുന്ന ഫോട്ടോകൾ മറ്റു പല സുന്ദരന്മാരുടേയും സുന്ദരികളുടേയും ആയിരിക്കും. ഇതൊന്നും അറിയാതെ തങ്ങൾ സ്നേഹിക്കുന്ന വ്യക്തികൾ ഫോട്ടോയിൽ കാണുന്നവർതന്നെയാണെന്ന ഉത്തമവിശ്വാസത്തിൽ പ്രണയത്തിന്റെ തീവ്രത കൂടും. ഇങ്ങനെ മുന്നോട്ടുപോകുമ്പോഴാണ് ചാറ്റിംഗ് ചീറ്റിംഗിലേക്കും പിന്നെ ഭീഷണികളിലേക്കും തിരിയുന്നത്.പരസ്പരമുള്ള വിശ്വാസത്തിന്റെ മറവിൽ ഫോട്ടോസും,വോയിസ്‌ മെസേജുകളും ടെസ്റ്റ്‌ മെസ്സേജുകളും ഒക്കെ കൈശപ്പെടുത്തിവച്ചിരിക്കുന്നതുവച്ചുകൊണ്ടാവും പിന്നെയുള്ള ചതിക്കുഴികൾ തീർക്കുന്നത്.
ഇതിൽ കൂടുതലും കുടുങ്ങുന്നത് പെൺകുട്ടികളും, വീട്ടമ്മമാരുമായിരിക്കും.
തങ്ങളുടെ കൈവശമുള്ള ഫോട്ടോകൾ മോർഫ് ചെയ്ത് ചിത്രങ്ങൾ നവമാധ്യമങ്ങളിൽക്കൂടി പ്രചരിപ്പിക്കുമെന്നുമുള്ള ഭീഷണികൾ ഉയരുമ്പോൾ അഭിമാനത്തേ ഭയന്ന് അവർ വിളിക്കുന്നിടത്ത് ചെല്ലാൻ നിർബന്ധിതരാവും. അങ്ങനെ എത്തപ്പെടുമ്പോഴാണ് തങ്ങൾ മനസ്സിൽ സൂക്ഷിച്ചുവച്ചിരുന്ന രൂപഭാവങ്ങൾ ഒന്നുമല്ല കണ്മുന്നിൽ കാണുന്നവർ എന്നു മനസ്സിലാക്കുന്നത്. പലരും കൊടും ക്രിമിനലുകൾ തന്നെയായിരിക്കും. അകപ്പെട്ടുപോയ കുരുക്കിൽ നിന്നും രക്ഷപ്പെടാൻ കഴിതെ,സെക്സ് മാഫിയ സംഘങ്ങളിൽപ്പെട്ടവരായിരിക്കാം അവിടെ ഇവിരെ സ്വീകരിക്കുക. പ്രേമം നടിച്ച് ചതിയിൽപ്പെടുത്തി അവിടെ എത്തിക്കുന്നവൻ വെറും ക്വട്ടേഷൻകാരൻ മാത്രമായിരിക്കും.
നഗ്നചിത്രങ്ങളും വീഡിയോകളും ഈ സംഘത്തിന്റെ ക്യാമറകളിലും ഫോണുകളിലും റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടാകും. ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത കുരുക്കുകൾ മുറുകുമ്പോൾ, വീണ്ടും വീണ്ടും ചൂക്ഷണത്തിന് വിധേയമാകേണ്ട ഗതികേടിലേക്ക്‌ ജീവിതം എത്തപ്പെടും…
അവസാനം ഒരു തുണ്ടു കയറിലോ, ഏതാനും തുള്ളി വിഷത്തിലോ, റെയിൽവേ ട്രാക്കിലോ, പുഴയിലോ അവളുടെ ജീവൻ പൊലിയും. അപ്പോഴും ഈ നാരാധമൻമാർ അടുത്ത ഇരകൾക്കായി തങ്ങളുടെ വലകൾ വിരിച്ചുകൊണ്ടേയിരിക്കുകയായിരിക്കും…

ഏറെ അറിവുകൾ നേടിയ സമൂഹമെന്ന് അഭിമാനിക്കുമ്പോഴും ഇതുപോലെയുള്ള സംഭവങ്ങളിൽ ഒട്ടുംതന്നെ തിരിച്ചറിവുകൾ ഇല്ലാത്തവരാണ്‌ കൂടുതലുമെന്ന് നിസംശയം പറയാം. ഇങ്ങനെയുള്ള ചതിക്കുഴികളിൽ വീഴുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിവരികയാണെന്നുള്ളതാണ് ഏറെ സത്യം. ഇനി ഏറ്റവും ചിന്തിക്കേണ്ട ചില സംഭവങ്ങൾക്കൂടി നമുക്ക് നോക്കാം. സ്കൂൾ കോളേജ് കുട്ടികൾ മാത്രമല്ല പ്രണയക്കുരുക്കിൽപ്പെടുന്നത്. ഉദ്യോഗസ്ഥർ, വീട്ടമ്മമാർ… അങ്ങനെ സമൂഹത്തിലെ നാനാതുറയിലുംപെട്ടവർ ഈ കെണിയിൽ അകപ്പെടാറുണ്ട്. കൂടുതലും മുൻപ് പറഞ്ഞതുപോലെ ഫോൺ ചാറ്റിംഗിലൂടെയാണ് ജീവിതം താറുമാറാക്കപ്പെടുന്നത്. തങ്ങളുടെ മക്കളുടെ പ്രായമുള്ള ചെറുപ്പക്കാരോടൊപ്പംവരെ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടുന്നവരും ധാരാളം. ആ യാത്രയിൽ ഏതാനും ദിവസങ്ങൾകഴിയുമ്പോഴാണ് കെണി മനസ്സിലാകുന്നത്. അവന്റെ ലക്ഷ്യവും മറ്റൊന്നുമായിരുന്നില്ല. അവന്റെ വലയിൽ കുരുങ്ങിയ അനവധി സ്ത്രീകളിൽ ഒരുവൾ മാത്രം. ഭർത്താവിനെയും മക്കളേയും വീടും കുടുംബവുമെല്ലാം ഉപേക്ഷിച്ചുപോയവൾക്ക് വേറെ എന്താണ് രക്ഷ…? ഇവിടെ ഇവർക്ക് രക്ഷകരായി എത്തുന്നതും പലപ്പോഴും സ്ത്രീകളാണ് എന്നുള്ളത് മറ്റൊരു വസ്തുത… പക്ഷേ….അങ്ങനെ രക്ഷിക്കാൻ വരുന്നവരുടെ തനിനിറം കുറച്ചുകഴിയുമ്പോഴാണ് തിരിച്ചറിയുക. ഏതെങ്കിലും പെൺവാണിഭ സംഘങ്ങൾക്കോ, വേശ്യാലയം നടത്തിപ്പുകാർക്കോ പറഞ്ഞുറപ്പിച്ച വിലയ്ക്ക് അവൾ വിൽക്കപ്പെട്ടിട്ടുണ്ടാകും. ഒരിക്കലും രക്ഷപെടാൻ കഴിയാത്ത വലിയ അഴിയാക്കുരുക്കിലായിരിക്കും വന്നുപെട്ടിരിക്കുക. അവിടെ അവരുടെ താല്പര്യങ്ങൾക്കൊപ്പം നിന്നില്ലയെങ്കിൽ കൊടിയ പീഡനങ്ങളായിരിക്കും അനുഭവിക്കേണ്ടിവരിക…അതുകൊണ്ടും അവൾ മോചിതയാവുന്നില്ല. അവർ പറയുന്നതെല്ലാം അനുസരിക്കേണ്ടിവരും. പിന്നെയും എതിർത്താൽ തനിക്ക് രക്ഷയില്ല എന്നു മനസ്സിലാക്കുമ്പോൾ ആ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുപോകാൻ അവൾ നിർബന്ധിതയാവും.വർഷങ്ങൾ കഴിയുമ്പോൾ ഓജസും തേജസ്സും നഷ്ടപ്പെടുമ്പോൾ ഏതെങ്കിലും തെരുവിൽ അവൾ വലിച്ചെറിയപ്പെടും. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള അവളുടെ ജീവിതദൂരത്തിന് പിന്നെ അധികം ആയുസ്സുണ്ടാവില്ല.

കൂടുതലും പെൺകുട്ടികൾ അല്ലെങ്കിൽ മുതിർന്ന സ്ത്രീകൾ കുരുക്കിൽപ്പെടുന്നതാണ് കൂടുതലും വാർത്തയാവുന്നത്. എന്നാൽ ഇതിന് മറ്റൊരു മറുവശംകൂടിയുണ്ട്.
പ്രണയത്തിന്റെ കുരുക്കിൽപ്പെടുത്തി യുവാക്കളേയും,വൃദ്ധരേയും, ഇവർകൂടി ഉൾപ്പെടുന്ന ഉന്നതവ്യക്തികളേയും ഹണിട്രാപ്പിൽ പെടുത്തുന്നത് വിസ്മരിക്കാനാവില്ല.
പുരുഷൻമാരെ വലയിൽകുരുക്കി തങ്ങളുടെ വരുതിയിലാക്കി ഭീഷണിപ്പെടുത്തി അവരുടെ കയ്യിൽനിന്നും ലക്ഷക്കണക്കിനു പണം കൈക്കലാക്കും. അഭിമാനത്തെ ഭയന്ന് മാറ്റാരോടെങ്കിലും പറയുകയൊ, കേസുകൊടുക്കുകയൊ പലരും പൊതുവെ ചെയ്യാറില്ല. ഇപ്പോഴും ധാരാളം നടക്കുന്നു. പുറത്തറിയപ്പെടുന്നവ വിരളമാണെന്നുമാത്രം.

ഇനി ഏറ്റവും ഭീകരമാകുന്ന പ്രണയ ദുരന്തങ്ങളുടെ അവസ്ഥയാണ്. പ്രണയ പരാജയം വരുമ്പോൾ നിഷ്കരുണം വധിക്കുന്ന അവസ്ഥ. പത്രങ്ങളിലും നവമാധ്യമങ്ങളിലുമൊക്കെ ധാരാളം കാണുകയും വായിക്കുകയും ഒക്കെ ചെയ്തിട്ടുള്ളതാണ് ഇത്തരം വാർത്തകൾ. സ്വന്തം മകൾ ഇഷ്ടപ്പെട്ട ഒരുവനെ വിവാഹം കഴിച്ചതിന്റെ പേരിൽ നിഷ്കരുണം അവളുടെ അച്ഛനും കൂട്ടരും അവനെ കൊന്നു കളഞ്ഞതും. ഇഷ്ടപ്പെട്ടവൾ കാമുകന്റെ തനിനിറം മനസ്സിലാക്കി പിന്മാറിയപ്പോൾ അവളെ മാതാപിതാക്കളുടെ മുന്നിലിട്ടു വെട്ടിക്കൊന്നതും, പ്രണയിച്ചവൾ പിന്മാറിയപ്പോൾ അവളുടെ മുഖത്ത് ആസിഡ് ഒഴിച്ച് പ്രതികാരം തീർത്തതുമെല്ലാം നമ്മൾ വാർത്തകളിലൂടെ അറിഞ്ഞിട്ടുള്ളതാണ്. ഭർത്താവും കുഞ്ഞുമുള്ളവൾ കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊന്നിട്ട് കാമുകനോടൊപ്പം പോയതും, കാമുകനുമായുള്ള ബന്ധത്തിന് ഭർത്താവ് തടസ്സമാകുമെന്ന് മനസ്സിലാക്കി ഭർത്താവിന് വിഷം കൊടുത്തു കൊന്നിട്ടുള്ള സംഭവങ്ങളും വിരളമല്ല.ഇനിയും ഇതുപോലെ നിരവധി സംഭവങ്ങൾ പറയാനുണ്ട്. പ്രണയക്കുരുക്കുകൾ അത്രമേൽ ദുരന്തങ്ങൾ അനുദിനം വിതയ്ക്കുകയാണെന്നുള്ളതാണ് ഞെട്ടിക്കുന്ന സത്യം. തിരിച്ചറിവിന്റെ ലോകത്ത് മാറ്റങ്ങൾ വരട്ടെ, പ്രണയമെന്നത് സ്നേഹത്തിന്റെ പൂർണ്ണത നിറഞ്ഞ ഭാവമാണ്. അതിന്റെ അർത്ഥതലങ്ങളിൽ എത്തുവാൻ അതിനുകഴിയട്ടെ..
ചതിക്കുഴികൾ വരും നാളുകളിലെങ്കിലും തിരിച്ചറിയപ്പെടട്ടെ.

0 Comments

No Comment.