Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

 

ആരോഗ്യമുള്ള ജനത രാജ്യത്തിന്റെ സമ്പത്ത്…

ആരോഗ്യമേഖല വളരുകയാണ്.
അതിന്റെ ഭാഗമായിതന്നെ രോഗികളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. ആരോഗ്യരംഗത്ത് ഒട്ടേറെ മാറ്റങ്ങൾ വന്നുകഴിഞ്ഞു.
വൻ ബിസിനസ് ശൃംഖലയായി ഈ മേഖല ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. മികച്ച ചികിത്സാസൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഓരോ സർക്കാൾ ആശുപത്രികളിലും വേണ്ടത്ര ചികിത്സാ സൗകര്യങ്ങളോ, മെഡിസിൻ ലഭ്യതയോ,
മറ്റു പരിശോധനാ സൗകര്യങ്ങളോ
ഇല്ലയെന്നുള്ളതാണ് യാഥാർത്ഥ്യം.

ജനങ്ങളുടെ ആരോഗ്യമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് എന്ന യാഥാർത്ഥ്യം നിലനിൽക്കേ,
ഒട്ടേറെ വികസനങ്ങൾ ആവശ്യമായിട്ടുള്ള
ഈ മേഖല പൊതു ജനങ്ങൾക്ക് വേണ്ടത്ര സ്വീകാര്യമാകുന്നില്ല എന്നതുകൊണ്ടുതന്നെ സാമ്പത്തികമുള്ളവരും സാധാരണ ജനങ്ങളും പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കുന്നു.
കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കുന്നചികിത്സാ ചെലവുകൾ വഹിക്കുവാൻ ഉണ്ടായിരുന്ന സമ്പാദ്യവും, അതിനിരട്ടി കടവും പ്രൈവറ്റ് ഹോസ്പിറ്റലിലെ ചികിത്സയ്ക്ക് വേണ്ടിവരുന്നു.
മികച്ച ട്രീറ്റ്മെന്റ് ലഭിക്കുക എന്നതിനപ്പുറം പൊതുജനങ്ങളോട് കൊടുക്കുന്ന കാശിന്റെ പരിഗണന കാണിക്കുന്നതും പ്രൈവറ്റ് ഹോസ്പിറ്റലുകളിലെ ജീവനക്കാരാണ്.

മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകുന്നു എന്നാണ് പൊതുവെ പറയുന്നതെങ്കിലും സ്കാനിംഗ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾ നടത്തി രോഗം സ്ഥിരീകരിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്നുവെന്നുള്ളതും സത്യമായ കാര്യമാണ്.
ലാബുകളും മറ്റു സൗകര്യങ്ങളും ഉള്ള സർക്കാർ ആശുപത്രികളിൽ
എല്ലാ പരിശോധനകളും നടത്തുന്നില്ല.മറ്റൊന്ന്, ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള, അല്ലെങ്കിൽ അവരുടെ പങ്കാളിത്തമുള്ള, അവർക്ക് കമ്മീഷൻ കിട്ടുന്ന ലാബുകൾ, സ്കാനിംഗ് സെന്ററുകൾ സർക്കാർ ആശുപത്രികളുടെ പരിസരത്തുതന്നെയുണ്ട്.
ഡോക്ടർമാർ പരിശോധനകൾക്ക് ശുപാർശ ചെയ്യുന്നത് ഈ സ്ഥാപനങ്ങളിലേക്കാണ്. മറ്റു ലാബുകളിൽ പരിശോധന നടത്തികൊണ്ടുവരുന്ന റിസൾട്ട് ഡോക്ടർമാർ സ്വീകരിക്കുകയില്ല.
ഈ വക സാഹചര്യങ്ങളെ അഭിമുഖീകരിക്കാത്തവർ ഇന്ന് സമൂഹത്തിൽ വളരെ കുറവാണ്. മനുഷ്യന്റെ ജീവനാണ് വലുത് എന്ന വസ്തുതയെ മനസിലാക്കി ഡോക്ടറോട് പ്രതികരിക്കാതെ പലരും അനുസരിക്കുകയാണ്.

ഇനി മറ്റൊരു വസ്തുത ഓരോ ദിനവും പിന്നിടുമ്പോൾ ഇവിടെ രോഗികളുടെ എണ്ണവും ഹോസ്പിറ്റലുകളുടെ എണ്ണവും ക്രമാധീതമായി ഉയർന്നുവരികയാണ്. മുൻ കാലങ്ങളിലെ ചികിത്സാസമ്പ്രദായങ്ങൾ കുറവുള്ള സാഹചര്യങ്ങളെക്കാൾ രോഗികളുടെ എണ്ണം ലക്ഷങ്ങളും, കോടികളുമാകുവാനുള്ള കാരണമെന്താണ്.?
ഒറ്റ വാക്കിൽ മുഖ്യകാരണം വ്യക്തമാക്കുവാൻ കഴിയും. നമ്മുടെ ഭക്ഷ്യ ഉപയോഗത്തിൽനിന്നുമാണ്. ഉപ്പുതൊട്ട് കർപ്പൂരംവരെ അന്യസംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നു.പച്ചക്കറി പലവ്യജ്ഞന സാധനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന കീടനാശിനികൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ
കേടുകൂടാതെയിരിക്കുന്ന മാരകമായ വിഷപദാർത്ഥങ്ങളെ സംബന്ധിച്ച് ഒട്ടേറെ വീഡിയോകൾ വിവിധ ചാനൽ വാർത്തകളിലൂടെ ഭരണകൂടവും ജനങ്ങളും തിരിച്ചറിയുന്നുണ്ട്. എങ്കിലും ഇവ ഇറക്കുമതി ചെയ്യുന്നതിൽ സർക്കാർ തലത്തിൽ യാതൊരുവിധ സുരക്ഷാപരിശോധനകളും നടത്തുന്നില്ല.
ഇങ്ങനെ വരുന്ന ഭക്ഷണസാധനങ്ങളിലൂടെ, അവ കഴിക്കുന്ന ജനങ്ങളിൽ ഒട്ടേറെ രോഗങ്ങൾ വന്നുചേരുന്നു. ആതുര സേവനം വ്യവസായമാക്കി എടുത്തിരിക്കുന്നവർ ഈ അവസരം മുതലെടുക്കുകയാണ്. ഇവിടെ അധികാരികളുടെ ഒത്താശയോടെ ഹോസ്പിറ്റലുകൾ ധാരാളം പടുത്തുയർത്തുന്നു. അവിടെ ജീവന്റെ വില പേശുന്ന കച്ചവടങ്ങൾ യഥേഷ്ടം നടക്കുന്നു. മാറിമാറി വരുന്ന ഭരണകൂടങ്ങളുടെ ഒത്താശകളും ഈ വ്യവസായികൾക്കൊപ്പമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഏറ്റവും സങ്കടകരമായ മറ്റോരു അവസ്ഥ, ക്യാൻസർരോഗികൾ, ഹൃദയസംബന്ധമായ രോഗികൾ, ഉദരരോഗികൾ, ഇ എൻ ടി വിഭാഗങ്ങളിൽ ചികിത്സ തേടുന്നവർ… ഇവർക്കൊക്കെ അത്യാവശ്യമായി വേണ്ടിവരുന്ന ടി എം ടി, എക്കോ…. തുടങ്ങി വിവിധ സ്കാനിംഗുകൾ നടത്തി രോഗിക്ക് എത്രയും വേഗം ചികിത്സനൽകി രോഗമുക്തി നൽകേണ്ടതിനുപകരം രണ്ടു മുതൽ മൂന്നു മാസംവരെയാണ് ഈ പരിശോധനകൾക്കുവേണ്ടിയുള്ള ഡേറ്റ് സർക്കാർ ആശുപത്രികളിൽ, പ്രത്യേകിച്ച് മെഡിക്കൽ കോളേജുകളിൽ നൽകുന്നത്.ഈ പരിശോധനകൾക്ക് നിശ്ചിത ഫീസ്ഈടാക്കുന്നുണ്ട്.
അതേ സമയം സ്വകാര്യ ആശുപത്രികളിലാണെങ്കിൽ ഒന്നോ,രണ്ടോ ദിവസം കൊണ്ട് പരിശോധനകൾ പൂർത്തിയാക്കി ചികിത്സആരംഭിക്കും.കൃത്യസമയത്ത് ചികിത്സലഭിക്കുന്നുണ്ട്.

മറ്റൊന്ന് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലെജീവനക്കാരുടെ നിന്ദയും, ദാർഷ്ട്യവുമാണ്. കുടുംബസ്വത്തിന്റെ അവകാശികളെപ്പോലെയാണ് ഇവരുടെ പെരുമാറ്റം. മാന്യമായി പെരുമാറുന്നവരുമുണ്ട്. ആശുപത്രികൾ ഓരോ രോഗിക്കും ആശ്വാസവും, പ്രത്യാശയും നൽകുന്ന ഇടവുമായിരിക്കണം.

ഇവിടെ മാറി മാറി ഭരിക്കുന്ന സർക്കാർ, ആരോഗ്യമന്ത്രിയുൾപ്പെടെ മന്ത്രിമാർക്ക് എന്തെങ്കിലും അസുഖം വന്നാൽ ഉടൻതന്നെ സർക്കാർ ചിലവിൽ വിദേശങ്ങളിൽ കുടുംബസഹിതം ചികിത്സയ്ക്കു പോകുകയാണ്. അതും സർക്കാർ പരസ്യങ്ങളിലും വിവിധ ചാനലുകളിലും കേരളത്തിലെ “ജനങ്ങൾക്കായി എല്ലാവിധ ആധുനിക സംവിധാനങ്ങളോടുംകൂടി മെഡിക്കൽ കോളേജ് ഉൾപ്പെടെ എല്ലാ ആശുപത്രികളിലും ഏറ്റവും മികച്ച ചികിത്സാ സംവിധാനം ഒരുക്കിയിട്ടുണ്ട്. അത് ജനങ്ങൾ പ്രയോജനപ്പെടുത്തുക” എന്ന് ആഹ്വാനം ചെയ്യുമ്പോൾ സ്വാഭാവികമായി ഒരു സംശയംതോന്നാം. ഈ മന്ത്രിമാർ ഈ ജനങ്ങളിൽ ഉൾപ്പെടില്ലേ?
പക്ഷേ… ഈ സംശയങ്ങൾക്കൊന്നും ഇവിടെ പ്രസക്തിയില്ല.
ഇവിടെ ഏറ്റവും മികച്ച ഡോക്ടർമാരും എല്ലാവിധ ചികിത്സാ സംവിധാനങ്ങളും ഉള്ളപ്പോൾ അത് പ്രയോജനപ്പെടുത്താതെ ജനങ്ങളുടെ പണംകൊണ്ട് വിദേശത്ത് ചികിത്സതേടി പോകുന്നത് ഒഴിവാക്കണം. അഥവാ നിർബന്ധമായി പോകണമോ, അത് സ്വന്തം പണം മുടക്കിയായിരിക്കണം.
ജനങ്ങളുടെ പണംകൊണ്ടാവരുത്.
ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുവാൻ സാധിച്ചിട്ടുണ്ട് എന്നവകാശപ്പെടുന്നവർക്ക് തന്നെ ഇവിടത്തെ ചികിത്സാ സംവിധാനത്തെ വിശ്വാസമില്ല എങ്കിൽ പൊതുജനം പരീക്ഷണ വസ്തുവാണോ…?

0 Comments

No Comment.