
ലഹരിയുടെ കാണാപ്പുറങ്ങൾ….
ലഹരിമാഫിയയുടെ പിടിയിൽ അമർന്നിരിക്കുന്നു നമ്മുടെ നാടും….
മദ്യവും മയക്കുമരുന്നും കൗമാരക്കാരുടെ കയ്യിലേയ്ക്കുവരെ സുലഭമായെത്തുന്ന സാഹചര്യമാണ് ഇന്നുള്ളത്.പരസ്യമായി മദ്യപിക്കാത്ത സ്ത്രീകൾ ഉണ്ടായിരുന്ന കാലത്തിൽ നിന്നും പകുതിയിലേറെ പേരും മദ്യം ഇഷ്ടപ്പെടുന്ന,ഉപയോഗിക്കുന്ന തലത്തിലേയ്ക്കെത്തി.
പുരുഷന്മാരിൽ 90% – വും മദ്യപന്മാരായി കഴിഞ്ഞു.ഉന്നത വിദ്യാഭ്യാസത്തിന് /കോഴ്സിന് മറ്റു രാജ്യങ്ങളിൽ / സംസ്ഥാനങ്ങളിൽ ചേക്കേറിയ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം കൂടുതലാണ്. ലഹരി വസ്തുക്കൾ തേടി പോകേണ്ടതില്ല.ഉപഭോക്താക്കളെ തേടി ലഹരി മാഫിയയുടെ കണ്ണികൾ എത്തുന്നു. സ്കൂൾ, കോളേജ് തലങ്ങളിൽ ലഹരി പിടിമുറുക്കുമ്പോൾ ബോധവത്കരണം മുറയ്ക്കു നടക്കുന്നു.
മദ്യം, മയക്കുമരുന്ന് എന്നതിനു പുറമെ ഏതിനോട് അമിത ആസക്തി തോന്നുന്നുവോഅതും ലഹരി തന്നെ.
മനുഷ്യൻ ഉണ്ടായകാലം മുതൽക്കേ പല പേരുകളിൽ സ്വയം തയ്യാറാക്കി ഉപയോഗിച്ചിരുന്ന പാനീയമാണ് മദ്യം. കാലാന്തരങ്ങൾകൊണ്ട് പല നിറത്തിലും, വ്യത്യസ്തതയിലും,
ഗുണമേന്മ അവകാശപ്പെട്ടും, ആകർഷകമായ ബോട്ടിലുകളിൽ / കുപ്പികളിൽ മനോഹരമായ പാക്കിംഗിൽ സർക്കാർ അംഗീകാരത്തോടെ വിപണിയിൽ മദ്യം എത്തുന്നു. ഇതിന്റെ പരിണിത ഫലങ്ങൾ അനുഭവിക്കുന്നത് പലപ്പോഴും ഓരോ മദ്യപന്റേയും കുടുംബങ്ങളാണ്. അമിത മദ്യപാനം വരുത്തിവയ്ക്കുന്ന ദുരന്തങ്ങൾ പൊതു സമൂഹത്തിന് വിവരിച്ചു തരേണ്ടതില്ല.
മദ്യപാനം ഒരുവശത്ത് തകൃതിയായി നടക്കുമ്പോൾ മദ്യവിരുദ്ധ സമിതി, മദ്യനിർമ്മാർജ്ജന സമിതി, മദ്യവിമുക്ത സംഘടന…. ഇങ്ങനെ അനേകം സംഘടനകൾ രൂപം കൊണ്ടു. അവ ലഹരിക്കെതിരെ പ്രവർത്തിച്ചു. ഇപ്പോഴും പ്രവർത്തിക്കുന്നു.പലരും വ്യക്തിപരമായി, സംഘടനവഴിയും നിരവധി മദ്യപാനികളെ ബോധവത്ക്കരിച്ചും, ചികിത്സിച്ചും ലഹരിയിൽ നിന്ന് മോചിപ്പിച്ചുവെന്ന് അവകാശപ്പെടുന്നു…
മാർച്ച്, ധർണ്ണ, ഒറ്റയാൾ പോരാട്ടം, ബോധവത്ക്കരണപ്രോഗ്രാമുകൾ… തുടങ്ങി പോരാട്ടം തുടരുകയാണ്. മദ്യം നിർത്തലാക്കണമെന്ന് ചിലർ ആവശ്യപ്പെടുമ്പോൾ,
മദ്യവില്പന തുടർന്നോട്ടെ ബോധവത്ക്കരിച്ച് ലഹരിവിമുക്തരാക്കാം എന്നു വാദിക്കുന്നവർ മറുവശത്തും. വോട്ടു നേടി കസേര ഉറപ്പിക്കാൻ മദ്യ നിരോധനം വാഗ്ദാനം ചെയ്തവർക്കും നല്ല ബോധ്യമുണ്ട് മദ്യ നിരോധനം പൂർണ്ണമായി നടപ്പിലാക്കാൻ കഴിയില്ല എന്ന്.ഖജനാവിൽ പണം വേണമെങ്കിൽ മദ്യം, ലോട്ടറി, പ്രവാസിയുടെ രൂപത്തിലും എത്തണം.
മദ്യവിരുദ്ധ സംഘടനകളുടെ പരാജയം വിളിച്ചോതുന്നതാണ് ഇന്നത്തെ അവസ്ഥ. മുൻപ് രഹസ്യമായി കുറച്ച് സ്ത്രീകൾ മദ്യപിച്ചിരുന്നു എങ്കിൽ ഇന്ന് 60% ത്തിലേറെ സ്ത്രീകൾ, പ്രത്യേകിച്ചും യുവതികൾ ലഹരി ഉപയോഗിക്കുന്നു. സങ്കടം വന്നാലും സന്തോഷം വന്നാലും മദ്യം അഭിവാജ്യ ഘടകമാണ്.കുടുംബസദസുകളിൽ ഭക്ഷണത്തോടൊപ്പം മദ്യവും സ്ഥാനം പിടിച്ചു.
മദ്യവിമോചനത്തിനായി ജന്മം കൊണ്ടസംഘടനകൾ ലക്ഷ്യം മാറി സഞ്ചരിക്കാൻ തുടങ്ങി. പുതിയ മേച്ചിൽ പുറങ്ങളിലൂടെ പണസമ്പാദനത്തിനുള്ള മാർഗങ്ങൾ ലക്ഷ്യം വയ്ക്കുന്നു. പല മദ്യവിരുദ്ധ പ്രസ്ഥാങ്ങളുടേയും പ്രവർത്തകർ തികഞ്ഞ മദ്യപാനികളായിരുന്നു. അവർ സ്വന്തം ജീവിത കഥ നടകീയമായി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു. വിശ്വാസം പിടിച്ചു പറ്റുന്നു.ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വിവിധ മേഖലകളിൽ അറിയപ്പെടുന്ന വ്യക്തിത്വങ്ങളുമുണ്ട്. അജ്ഞതകൊണ്ട് ഒപ്പം കൂടിയതോ, അതോ കൂട്ടാളികളോ, അതോ പകൽ മദ്യവിരുദ്ധപ്രവർത്തനത്തെക്കുറിച്ച് പ്രസംഗിച്ച് രാത്രി മദ്യപാനസദസിൽ ഇടം കിട്ടുന്നതുകൊണ്ടാണോ.?
മദ്യവിരുദ്ധ പ്രവർത്തനം തന്നെ തൊഴിലാക്കി മാറ്റിയിരിക്കുകയാണ് ചിലർ. സേവനമനോഭാവം മാത്രമല്ല ജീവിക്കാനുള്ള വരുമാന മാർഗവും ഇതിൽ നിന്ന് കണ്ടെത്തുന്നവരാണ് പലരും. ഡി അഡിക്ഷൻ സെന്ററുകളുമായുള്ള കരാർ അനുസരിച്ച് മദ്യപാനികളെ എത്തിക്കുന്നതുവഴി പ്രതിഫലം വാങ്ങുന്നവരുമുണ്ട്. ഇത്തരം മദ്യവിരുദ്ധ പ്രവർത്തകരാണ് ആത്മാർത്ഥമായി ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വെല്ലുവിളി, ഇവരെ കൈപ്പിടിയിലൊതുക്കി പേരെടുക്കാൻ ശ്രമിക്കുന്നവരുമുണ്ട്.
അന്തരിച്ച ജോസഫ് കൈമാപ്പറമ്പൻ, എം.പി. മന്മദൻ തുടങ്ങിയ വ്യക്തിത്വങ്ങൾ മദ്യവിപത്തിന് എതിരെ ബോധവത്‌കരണങ്ങൾ നടത്തിയിരുന്നു. ആ കാലഘട്ടങ്ങളിൽ സമൂഹത്തിൽ ഏറെ ചലനം സൃഷ്‌ടിച്ച പ്രവർത്തനത്തിലൂടെ മദ്യപാനത്തിൽ നിന്ന് പലരേയും പിന്തിരിപ്പിക്കാൻ സാധിച്ചു. എന്നാൽ ഇന്ന് മദ്യവിരുദ്ധ പ്രവർത്തനം തന്നെ ലഹരിയാക്കി മാറ്റിയിരിക്കുന്നു. പേരിനും പ്രശസ്തിക്കും പണത്തിനും വേണ്ടി ചേരാത്ത കുപ്പായങ്ങൾ മാറിമാറി ധരിക്കുന്നു. മുഖം മൂടിയിട്ട ചെന്നായ്ക്കൾ …..

No Comment.