
തിരിച്ചറിവ്….
നവമാധ്യമങ്ങളുടെ വരവോടുകൂടി സുഹൃത്തുക്കളുടെ എണ്ണവും കൂടി. സ്വന്തം വീട്ടിലെ/ നാട്ടിലെ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ നിന്ന് അറിയേണ്ട ഗതികേടിലാണ് പലരും. ബഡ്‌റൂം / ബാത്ത്റൂം ഇവയുടെ വാതിൽക്കൽ എത്തുന്നതുവരെയുള്ള കാര്യങ്ങൾ പലരും പബ്ലിക് ഫ്ലാറ്റ് ഹോമിൽ പങ്കുവെയ്ക്കുകയാണ്.ഇവർ ചെറുപ്പവും, സൗന്ദര്യവും ഉള്ളവരാണെങ്കിൽ കമന്റും ലൈക്കും ചാകരപോലെയെത്തും.നടപ്പും, നിൽപ്പും, കഴിപ്പും, സംഭാഷണവും എന്നുവേണ്ട വിവാഹത്തിന് പോകാൻ ഒരു സാരി ഉടുത്താൽ “നന്നായിട്ടുണ്ടോ” എന്ന് സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കൾ പറയണം. എങ്കിൽ മാത്രമേ തൃപ്തിയാവൂ. സ്ഥിരം കമന്റിടാൻ കുറെ “ഞരമ്പന്മാർ “ഉണ്ട് എന്നത് വേറെ കാര്യം.
നവമാധ്യമങ്ങൾ പലരേയും “റിപ്പോർട്ടർ” മാരാക്കി. ആരേയും എങ്ങനേയും അപകീർത്തി പെടുത്തനുള്ള തട്ടകമാണ് സോഷ്യൽ മീഡിയ. അഭിപ്രായവ്യത്യാസം വന്നാൽ, ശത്രുത തോന്നിയാൽ എന്തിനേറെ മറ്റൊരാളുടെ വളർച്ചയിൽ അസൂയതോന്നിയാൽ പാര സോഷ്യൽ മീഡിയയിൽ ലൈവായി വരും.
ഇരുവ്യക്തികൾ തമ്മിലുള്ള കുടിപ്പക, പ്രണയനൈരാശ്യം, മീടു വിവാദം എല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.
യാഥാർത്ഥ്യം അറിയില്ലെങ്കിലും ന്യായീകരണ തൊഴിലാളികൾ അണിനിരക്കും. പോസ്റ്റ് പങ്കുവെച്ചത് തങ്ങളുടെ ചങ്കു പെണ്ണുങ്ങളാണെങ്കിൽ പിന്തുണ വേറെ ലെവലാണ്.ദീർഘനാളായി കിടപ്പിലായ വൃദ്ധനും കമന്റിടും “ഞാനുണ്ട് കൂടെ ”
ഒരു വ്യക്തി കുറ്റവാളിയാണോ ഇല്ലയോ എന്ന് തെളിയിക്കാൻ നിയമസംവിധാനമുള്ളപ്പോൾ തെളിയിക്കപ്പെടുന്നതുവരെ നിയമപരമായി അവർ കുറ്റക്കാരല്ല.
വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ആരെങ്കിലും ഒരു പോസ്റ്റിട്ടാൽ, പ്രത്യേകിച്ചും സ്ത്രീകൾക്ക്
പിന്തുണ പ്രഖ്യാപിച്ചു വരുന്നത് 80% പുരുഷന്മാർ തന്നെയാണ്.
“മുത്തേ നീ പൊളിയാണ്,തോറ്റു കൊടുക്കരുത്. എന്തിനും ഞാനുണ്ട്, നീ വിളിച്ചാൽ ഞാനെത്തും “…. ഇങ്ങനെ പോകുന്നു അഭിപ്രായം. എന്താണ് സത്യാവസ്ഥ എന്ന് സപ്പോർട്ട് ചെയ്യുന്നവർക്ക് വ്യക്തമായി അറിയില്ല. പക്ഷേ, പോസ്റ്റിട്ടത് വേണ്ടപ്പെട്ട വ്യക്തിയാണല്ലോ.
ആർക്കും മറ്റൊരാൾക്ക് വേണ്ടി ചെലവഴിക്കാനില്ലാത്തത് “സമയമാണ്.” നീ എന്റെ ജീവനാണ്. നിനക്കുവേണ്ടി ഞാൻ കാത്തിരിക്കും എന്ന് ആവർത്തിച്ചുപറഞ്ഞവ്യക്തികളും എതിൽ വ്യക്തി ഒരു മണിക്കൂർ വൈകി വന്നാൽ വെളിച്ചപ്പാടാകുന്നത് കാണാം. സോഷ്യൽ മീഡിയയിൽ കിട്ടുന്ന ലൈക്കും കമന്റും റിയൽ ലൈഫിൽ പ്രയോജനപ്പെടില്ല.എരിതീയിൽ എണ്ണ പകരാൻ ആളുണ്ടാവും. പക്ഷേ തീ ആളി പടർന്നാൽ സ്വയം എരിഞ്ഞൊടുങ്ങേണ്ടിവരും…

No Comment.